ബംഗളൂരു: കർണാടകയിലെ സ്കൂളുകളിലും കോളജുകളിലും ഭഗവത്ഗീത പഠിപ്പിക്കൽ ഉടൻ തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് പറഞ്ഞു. ഈ അധ്യയനവർഷം മുതൽതന്നെ ഇത് തുടങ്ങാനാണ് സർക്കാർ ആലോചന. ഭഗവത്ഗീത ഒരു ധാർമിക ശാസ്ത്രവിഷയത്തിന് കീഴിലായിരിക്കും പഠിപ്പിക്കുക. ഇതിനായുള്ള ചർച്ച നടക്കുകയാണെന്നും സമിതി രൂപവത്കരിച്ച് ഉടൻ നടപടിയെടുക്കുമെന്നും മന്ത്രി നിയമസഭ സെഷനിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ദേശീയ വിദ്യാഭ്യാസനയം (എൻ.ഇ.പി) അനുസരിച്ച് ഗുജറാത്ത് മാതൃകയിൽ കർണാടകയിലും ഭഗവത്ഗീത പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഭഗവത്ഗീത സിലബസിൽ ഉൾപ്പെടുത്തുന്നത് തന്‍റെ സർക്കാറിന്‍റെ നിലപാടാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പറഞ്ഞിരുന്നു. ഭഗവത്ഗീതയിൽ മാനുഷികമൂല്യങ്ങൾ ഉണ്ടെന്നും അത് വിദ്യാർഥികൾ പഠിക്കണമെന്നും വ്യവസായമന്ത്രിയും പറഞ്ഞിരുന്നു.
അതേസമയം, പാഠ്യപദ്ധതിയെ കാവിവത്കരിക്കുന്നതിന്റെ ഭാഗമായാണിതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സർക്കാർ സ്കൂളുകളിലെ പട്ടികവർഗ-ജാതി വിഭാഗം വിദ്യാർഥികളെ വേദഗണിതം പഠിപ്പിക്കാനുള്ള പദ്ധതി എതിർപ്പിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സർക്കാർ പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.