ജാതി സെൻസസ് തീരുമാനം വൈകി വന്ന വിവേകമെന്ന് ജയ്റാം രമേശ്; ‘സാമൂഹിക നീതിയെ കുറിച്ചുള്ള കോൺഗ്രസ് പ്രമേയത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്’

ന്യൂഡൽഹി: പൊതു സെൻസസിനൊപ്പം ജാതി സെൻസസ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്. ജാതി സെൻസസ് നടപ്പാക്കാനുള്ള തീരുമാനം വൈകി വന്ന വിവേകമെന്നും അഹമ്മദാബാദ് എ.ഐ.സി.സി കൺവെൻഷൻ പാസാക്കിയ സാമൂഹിക നീതിയെ കുറിച്ചുള്ള കോൺഗ്രസ് പ്രമേയത്തിൽ ജാതി സെൻസസിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ജയ്റാം രമേശ് എക്സിൽ കുറിച്ചു.

'1995ൽ, കോൺഗ്രസ് പാർട്ടി ഒന്നാം ഭരണഘടനാ ഭേദഗതിയിലൂടെ സാമൂഹിക നീതിയിലേക്ക് ഒരു സുപ്രധാന ചുവടുവെപ്പ് നടത്തി. ഇപ്പോൾ, ഈ ഉത്തരവാദിത്തം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സാമൂഹിക നീതിയുടെ വക്താവായ രാഹുൽ ഗാന്ധിയും ഏറ്റെടുത്തിരിക്കുന്നു.

സാമൂഹിക നീതിയുടെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് അത്യാവശ്യമാണ്. 2011ൽ കോൺഗ്രസ് നടത്തിയ സാമൂഹിക-സാമ്പത്തിക ജാതി സെൻസസിന്‍റെ കണ്ടെത്തലുകൾ മോദി സർക്കാർ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.'

'സാമൂഹിക നീതിയുടെ പൂർണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി എസ്‌.സി, എസ്.ടി, ഒ.ബി.സി സമുദായങ്ങൾക്ക് സംവരണത്തിന് കൃത്രിമമായി ഏർപ്പെടുത്തിയ 50 ശതമാനം പരിധി നീക്കം ചെയ്യും. ഭരണഘടനയുടെ ആർട്ടിക്കിൾ 15(5) പ്രകാരം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്‌.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണം നൽകാനുള്ള ഭരണഘടനാപരമായ അവകാശം നടപ്പിലാക്കുന്നതിനും കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്.

സമൂഹത്തിലെ പിന്നാക്കം നിൽക്കുന്നവരും അടിച്ചമർത്തപ്പെട്ടവരുമായ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള കോൺഗ്രസിന്‍റെ പ്രതിബദ്ധത ഇന്നലെയും ഇന്നും നാളെയും അചഞ്ചലമാണ്.' -സാമൂഹിക നീതിയെ കുറിച്ചുള്ള കോൺഗ്രസ് പ്രമേയത്തിലെ വിവരങ്ങളും ജയ്റാം രമേശ് എക്സിൽ പങ്കുവെച്ചു.

കേന്ദ്ര സർക്കാർ ജാതി സെൻസസ് പ്രഖ്യാപിക്കണമെന്ന് കോൺഗ്രസും സി.പി.എം, ആർ.ജെ.ഡി, തൃണമൂൽ കോൺഗ്രസ് അടക്കം ഇൻഡ്യ സംഖ്യത്തിലെ പ്രമുഖ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. കൂടാതെ, പ്രാദേശിക പാർട്ടികളുടെ ദീർഘകാല ആവശ്യവുമായിരുന്നു ജാതി സെൻസസ്. കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാർ സ്വന്തമായി ജാതി സർവേ നടത്തുകയും തെലങ്കാന ജാതി സെൻസസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് പൊതു സെൻസസിനൊപ്പം ജാതി സെന്‍സസും നടപ്പാക്കാനാണ് കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക പ്രഖ്യാപനനമെന്നത് ശ്രദ്ധേയമാണ്. ബിഹാറിൽ എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവും ആന്ധ്രയിലെ ടി.ഡി.പിയും ജാതി സെൻസസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 2011ലാണ് അവസാനമായി രാജ്യത്ത് സെൻസസ് നടത്തിയത്. 2021ൽ നടത്തേണ്ട പൊതു സെൻസസ് 2025 ആയിട്ടും നടത്തിയിട്ടില്ല.

Tags:    
News Summary - "Better late than never": Jairam Ramesh react to Caste Enumeration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.