ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിെന്റ ഐ.പി.എൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്തുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും 50ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക ഹൈകോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചു.
സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി സംസ്ഥാനത്തിന് നോട്ടീസ് അയക്കുകയും ജൂൺ 10നകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. വിഷയം സ്വമേധയായുള്ള പൊതുതാൽപര്യ ഹരജിയായി പരിഗണിക്കാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് വി. കാമേശ്വർ റാവുവും ജസ്റ്റിസ് സി.എം. ജോഷിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് കോടതി രജിസ്ട്രിയോട് നിർദേശിച്ചു.
സ്റ്റേഡിയത്തിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചു എന്ന പ്രഖ്യാപനം ഗേറ്റുകളിൽ വൻ തിക്കിനും തിരക്കിനും കാരണമായെന്ന് അഡ്വക്കറ്റ് ജനറൽ ശശി കിരൺ ഷെട്ടി ചൂണ്ടിക്കാട്ടി. നഗരത്തിൽ നടന്ന ആഘോഷങ്ങളുടെ ഭാഗമായി പൊലീസിനെയും സുരക്ഷ ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു. എന്നാൽ, 30,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് 2.5 ലക്ഷത്തിലധികം ആളുകൾ എത്തിയപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയെന്നും അദ്ദേഹം പറഞ്ഞു.
വലിയ പൊതുപരിപാടികൾക്ക് വ്യക്തമായ പൊതുമാനദണ്ഡങ്ങൾ (എസ്.ഒ.പി) പാലിക്കണമെന്ന് ബെഞ്ച് നിരീക്ഷിച്ചു. സ്ഥലത്ത് ആംബുലൻസുകൾ ലഭ്യമായിരിക്കണം. അടുത്തുള്ള ആശുപത്രികളെക്കുറിച്ച് വ്യക്തത ഉണ്ടായിരിക്കണം -ആക്ടിങ് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ആംബുലൻസുകൾ സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇത്തരമൊരു ദുരന്തം നേരിടാൻ പര്യാപ്തമായിരുന്നില്ലെന്ന് എ.ജി പറഞ്ഞു. സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അത് 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റവരിൽ ഭൂരിഭാഗവും ആശുപത്രി വിട്ടു. ഇപ്പോഴും ചികിത്സയിലുള്ളവർ അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.
ബൗറിങ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത 10 രോഗികളിൽ രണ്ടുപേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്ന് മെഡിക്കൽ സൂപ്രണ്ട് ടി. കെമ്പരാജു പറഞ്ഞു.
വീണ് കാലിന് ഒടിവ് സംഭവിച്ച ഒരാളും സാരമല്ലാത്ത പരിക്കേറ്റ 14കാരനുമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 16 പേരെയാണ് വൈദേഹി ആശുപത്രിയിൽ എത്തിച്ചത്. നാലുപേർ അപ്പോഴേക്കും മരിച്ചിരുന്നു. മറ്റുള്ളവരിൽ രണ്ടുപേർ മാത്രമാണ് ഇപ്പോൾ ആശുപത്രിയിൽ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.