ബംഗളൂരു: 16ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് ഒന്നു മുതല്‍ എട്ടുവരെ നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും. രാജാജി നഗര്‍ ഓറിയോണ്‍ മാളിലെ 11 സ്ക്രീനുകള്‍ക്ക് പുറമെ സുചിത്ര ഫിലിം സൊസൈറ്റി, ചാമരാജ് പേട്ടിലെ ഡോ. അംബരീഷ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. 60 രാജ്യങ്ങളില്‍നിന്നായി വിവിധ വിഭാഗത്തില്‍പെടുന്ന 200 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. യു.എസ്.എ, യു.കെ, ജര്‍മനി, ഫ്രാന്‍സ്, സൗത്ത് കൊറിയ, പോളണ്ട്, ജോര്‍ജിയ, ബ്രസീല്‍, ബെല്‍ജിയം, നെതർലൻഡ്സ്, ഫിന്‍ലൻഡ്, ഇറാന്, അര്‍ജന്റീന, കാനഡ, ഡെന്മാര്ക്ക്, ഗ്രീസ്, റഷ്യ, ഫിലിപ്പീന്‍സ്, റുമേനിയ, ജപ്പാന്, സ്പെയിൻ, ഇന്തോനേഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ ഇത്തവണ പ്രദര്‍ശനത്തിനുണ്ടാവും. യൂനിവേഴ്സല്‍ പീസ് ഇന്‍ ഡൈവേഴ്സിറ്റി എന്നതാണ് മേളയുടെ പ്രമേയം. സ്നേഹം, സമാധാനം, വിശ്വാസം, ഒത്തൊരുമ എന്നിവയിലൂന്നിയ ചിത്രങ്ങളും മേളയിലുണ്ടാവും. സെമിനാറുകളും ശിൽപശാലകളും ചര്‍ച്ചകളും ക്ലാസുകളും മേളയുടെ ഭാഗമായി നടക്കും.
കന്നട സിനിമയുടെ 91 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച, ആദ്യത്തെ കന്നട ശബ്ദ ചിത്രമായ സതി സുലോചനയുടെ പ്രകാശന വാര്‍ഷിക ആഘോഷം, സിനിമ നിർമാണത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ സ്വാധീനം എന്ന വിഷയത്തില്‍ വിദ്യാസാഗര്‍ നയിക്കുന്ന സെമിനാര്‍, തായിലൻഡ് സിനിമ നിർമാതാവായ റായ്മോണ്ട് ഫത്താന്‍ വീരാന്ഗൂന് നയിക്കുന്ന സിനിമ ലാബ്, സിനിമ നിര്‍മാണം എന്നിവയിലെ പ്രവര്‍ത്തനങ്ങള്‍, സിനിമയിലെ അതികായരായ ഗുരുദത്ത്, ശ്യാം ബെനെഗല്‍, റിത്വിക് ഘട്ടക് എന്നിവരുടെ അനുസ്മരണം, അക്കാദമിഷ്യനും ചലച്ചിത്ര നിരൂപകനുമായ പങ്കജ് സക്സെനയുടെയും ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെയും പ്രഭാഷണങ്ങള്‍, സിനിമയും സംഗീതവും എന്ന വിഷയത്തില്‍ പ്രഭാഷണം, വി.കെ. മൂര്‍ത്തിയുടെ ഛായാഗ്രഹണം എന്ന വിഷയത്തില്‍ പ്രഭാഷണം തുടങ്ങിയവ വിവിധ ദിവസങ്ങളിലായി മേളയില്‍ നടക്കും.
ഏഷ്യന്‍ മത്സര വിഭാഗം, ചിത്ര ഭാരതി-ഇന്ത്യന്‍ സിനിമ വിഭാഗം, കന്നട സിനിമ മത്സര വിഭാഗം, സമകാലിക സിനിമ അവലോകനം തുടങ്ങി 14 വിഭാഗങ്ങളിലായി വിവിധ പ്രദര്‍ശനങ്ങള്‍ നടക്കും.
മലയാളത്തിൽനിന്ന് ഒരുപിടി മികച്ച ചിത്രങ്ങൾ മേളയിലുണ്ടാകും. അരവിന്ദന്റെ കുമ്മാട്ടി, തമ്പ് എന്നീ മലയാളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഏഷ്യന്‍ മത്സര വിഭാഗത്തില്‍ ഫാസില്‍ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ, ഇന്ദു ലക്ഷ്മിയുടെ അപ്പുറം, അര്‍ഫാസ് അയൂബിന്റെ ലെവല്‍ ക്രോസ്, സൂരജ് ടോമിന്റെ വിശേഷം എന്നിവ പ്രദര്‍ശനത്തിനെത്തും. അന്തരിച്ച എഴുത്തുകാരനും തിരക്കഥാകൃത്തുമായ എം.ടി. വാസുദേവന്‍ നായരുടെ സ്മരണാർഥം ‘നിർമാല്യം’ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തി.
രജിസ്ട്രേഷനും വിശദ വിവരങ്ങള്‍ക്കും Biffes.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പൊതുജനങ്ങള്‍ക്ക് 800 രൂപയും. സിനിമ മേഖലയിലുള്ളവര്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്, സിനിമ സൊസൈറ്റി അംഗം തുടങ്ങിയവര്‍ക്ക് 400 രൂപയുമാണ് രജിസ്ട്രേഷന് ഫീസ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പാസുകള്‍ നന്ദിനി ലേ ഔട്ടിലെ കര്‍ണാടക ചലച്ചിത്ര അക്കാദമി, ഗാന്ധിനഗര്‍ ശിവാനന്ദ സര്‍ക്കിളിലെ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് എന്നിവിടങ്ങളില്‍നിന്നും കൈപ്പറ്റാം. ഇത്തവണ മേളക്കായി ഒമ്പത്കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. മാര്‍ച്ച് എട്ടിന് നടക്കുന്ന സമാപന ചടങ്ങ് കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗഹലോട്ട് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കര്‍ണാടക ചലച്ചിത്ര അക്കാദമി ചെയര്പേര്ഴ്സൻ ഡോ. സധു കോകില, ബി.ബി. കാവേരി, എന്‍. വിദ്യാശങ്കർ, ഹിമന്തരാജു, ഹേമന്ത് എം. നിംബല്‍ക്കര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.