ബംഗളൂരു: കാണാതായ കൂട്ടുകാരനുവേണ്ടിയുള്ള തെരച്ചിലിനൊടുവിലാണ് വിദ്യാർഥികൾ തങ്ങളെടുത്ത ഫോട്ടോകൾ പരതി നോക്കിയത്. കുളത്തിൽ വെച്ച് ഗ്രൂപ് സെൽഫി എടുക്കുമ്പോൾ ഒരു കൈ അകലത്തിൽ മാത്രം തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരൻ മുങ്ങിമരിക്കുകയായിരുന്നുവെന്ന് അവർക്കും അറിയാമായിരുന്നില്ല. ബംഗളുരു നഗര പ്രന്തത്തിലുള്ള കുളത്തിൽ പഠനയാത്രക്കിടെ കുളിക്കാനിറങ്ങയതായിരുന്നു സംഘം. പത്തടി താഴ്ചയുണ്ടായിരുന്നു കുളത്തിന്. കുളി കഴിഞ്ഞ് ക്ഷേത്ര സന്ദർശനത്തിനായി സ്ഥലം വിട്ട കുട്ടികൾ പിന്നീടാണ് സുഹൃത്ത് വിശ്വാസ്(17) കൂടെയില്ലെന്ന് മനസ്സിലാക്കിയത്.
വിശ്വാസിനെ തെരയുന്നതിനിടെയാണ് കുട്ടികളിലൊരാൾ തങ്ങളെടുത്ത ഫോട്ടോകൾ ഒരിക്കൽ കൂടി നോക്കിയത്. വിശ്വാസിന്‍റെ മുങ്ങിത്താഴുന്ന തല അപ്പോഴാണ് അവരുടെ ശ്രദ്ധയിൽ പെട്ടത്. വിവരം അറിഞ്ഞെത്തിയ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ വിശ്വാസിന്‍റെ ജഡം കണ്ടെത്തി.
കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നടപടികൾ ഉണ്ടായില്ലെന്ന് വിസ്വാസിന്‍റെ രക്ഷിതാക്കൾ ആരോപിച്ചു. എന്നാൽ 25 കുട്ടികളോടൊപ്പം ഒരു അധ്യാപകൻ മാത്രമാണ് പോയതെന്നായിരുന്നു നാഷണൽ കോളജ് അധികൃതരുടെ വിശദീകരണം. തിങ്കളാഴ്ച മുതൽ രക്ഷിതാക്കളും വിദ്യാർഥികളും കോളജിനു മുന്നിൽ പ്രതിഷേധ സമരം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ആർക്കെതിരെയും ഇതുവരെ നടപടിയൊന്നും എടുത്തില്ലെന്ന് വിശ്വാസിന്‍റെ രക്ഷിതാക്കൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.