ബംഗളൂരു: ബംഗളൂരു നഗരത്തിലെ പ്രതിദിന കോവിഡ് കേസുകൾ താഴേക്ക് എത്തുമ്പോഴും ദിവസേനയുള്ള മരണ സംഖ്യയിൽ കുറവില്ലാത്തത് ആശങ്ക ഉയർത്തുന്നു. ബംഗളൂരു നഗരത്തിലെ മരണനിരക്ക് സംസ്ഥാനത്തെ മരണനിരക്കിനെക്കാൾ കൂടുതലാണ്. എന്നാൽ, നിലവിൽ ഐ.സി.യുവിലുള്ള രോഗികളുടെ എണ്ണം കൂടുതലുള്ളതിനാലാണ് ഇപ്പോഴും മരണ സംഖ്യ കുറയാതെ തുടരുന്നതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രോഗ വ്യാപനം കുറഞ്ഞതോടെ അടുത്ത രണ്ടാഴ്ചക്കുള്ളിൽ മരണസംഖ്യയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ട വ്യാപനത്തിനുശേഷം രണ്ടുമാസത്തിനിടെ ആദ്യമായി ബംഗളൂരുവിലെ പ്രതിദിന കോവിഡ് കേസുകൾ 2000ത്തിന് താഴെ എത്തിയതാണ് പ്രതീക്ഷ നൽകുന്നത്.
തിങ്കളാഴ്ച 1992 പേർക്കാണ് നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിനുമുമ്പ് മാർച്ച് 30നാണ് 1984 കേസുകൾ സ്ഥിരീകരിച്ചത്. മേയ് 31 മുതൽ ജൂൺ ആറുവരെയുള്ള ബംഗളൂരുവിലെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 4.91 ശതമാനമാണ്. ഒരു മാസം മുമ്പ് ബംഗളൂരുവിൽ ഇത് 38 ശതമാനം വരെ എത്തിയിരുന്നു. മാർച്ചിനുശേഷം ആദ്യമായാണ് ടി.പി.ആർ അഞ്ചു ശതമാനത്തിന് താഴെ എത്തുന്നത്. കേസുകൾ കുറഞ്ഞതോടെ ജൂൺ 14നുശേഷം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ ബംഗളൂരുവിൽ കൂടുതൽ ഇളവ് ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പായി. നിർണായകമായ നാഴികകല്ല് പിന്നിട്ടെങ്കിലും നിയന്ത്രണങ്ങൾ പാലിക്കുക എന്ന ഉത്തരവാദിത്തം ജനങ്ങൾക്കുണ്ടെന്ന് ബി.ബി.എം.പി ചീഫ് കമീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.
വീണ്ടും കേസുകൾ ഉയരാതിരിക്കാനുള്ള ജാഗ്രത കാണിക്കേണ്ടതുണ്ട്. നാലോ അഞ്ചോ ഘട്ടങ്ങളിലായി അൺലോക് നടപ്പാക്കേണ്ടിവരും. ലോക്ഡൗണിൽ ഇളവ് വരുന്നതോടെ മറ്റു ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും കൂടുതൽ പേർ നഗരത്തിലേക്ക് തിരിച്ചെത്തും ഇത് വീണ്ടും വ്യാപനത്തിന് കാരണമാകും. ഇത്തരത്തിൽ വരുന്നവരെ പരിശോധനക്ക് വിധേയമാക്കണമെന്നും സാങ്കേതിക ഉപദേശക സമിതി അംഗം ഡോ. വി. രവി പറഞ്ഞു. കേസുകൾ കുറയുമ്പോഴും ബംഗളൂരു നഗരത്തിലെ മരണസംഖ്യയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 340 മരണങ്ങളിൽ 199ഉം ബംഗളൂരുവിലാണ്.
സംസ്ഥാനത്തെ മരണനിരക്ക് 2.84 ശതമാനമാണെങ്കിൽ ബംഗളൂരുവിലേത് ഏഴു ശതമാനത്തിന് മുകളിലാണ്. ഒരോ ദിവസത്തെയും കോവിഡ് ബുള്ളറ്റിനിലെ മരണങ്ങൾ അന്ന് സംഭവിച്ചതാകില്ലെന്നും ദിവസങ്ങൾക്ക് മുമ്പുള്ളത് വരെ ഉൾപ്പെടാമെന്നുമാണ് ബി.ബി.എം.പി അധികൃതരുടെ വിശദീകരണം. േകസുകൾ കുറഞ്ഞെങ്കിലും ഐ.സി.യുവിലുള്ള രോഗികളുടെ എണ്ണം കുറയാത്തതും രോഗം ഗുരുതരമാകുന്നവരുടെ എണ്ണം ഉയരുന്നതും മരണസംഖ്യ ഉയരാൻ കാരണമാകുന്നുവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബംഗളൂരുവിലെ 80 ശതമാനം ഐ.സി.യു കിടക്കകളിലും രോഗികളുണ്ട്. എന്നാൽ, സാധാരണ വാർഡുകളിൽ കിടക്ക കുറെയേറെ ഒഴിവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.