കൊൽക്കത്ത: ഡൽഹിയിലെ അട്ടിമറി ജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് കൃത്യമായ മുന്നറിയിപ്പുമായി ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. ഡൽഹി പിടിച്ചെടുത്തു, അടുത്തത് ബംഗാളാണ് ബി.ജെ.പിയുടെ ലക്ഷ്യം എന്നായിരുന്നു സുവേന്ദുവിന്റെ മുന്നറിയിപ്പ്. പശ്ചിമ ബംഗാളിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയം ഉറപ്പാണെന്നും സുവേന്ദു വ്യക്തമാക്കി.
''ഡൽഹി ഞങ്ങളുടേതായി. 2026ൽ ബംഗാളും ഞങ്ങൾ പിടിച്ചെടുക്കും''-എന്നാണ് സുവേന്ദു അധികാരി മാധ്യമങ്ങളോട് പറഞ്ഞത്. പശ്ചിമ ബംഗാളിൽ പ്രതിപക്ഷസ്ഥാനത്താണ് ബി.ജെ.പി. ബംഗാളിൽ 2011 മുതൽ അധികാരത്തിലിരിക്കുന്ന തൃണമൂൽ കോൺഗ്രസിനെ താഴെയിറക്കുകയാണ് ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം. എ.എ.പിയുടെ പതനം പൂർത്തിയായി. എ.എ.പിക്ക് ജനം കൃത്യമായ മറുപടി നൽകി. ഡൽഹിയിൽ താമസിക്കുന്ന ബംഗാൾ സ്വദേശികൾ ബി.ജെ.പിക്കാണ് വോട്ട് ചെയ്തതെന്നും സുവേന്ദു അധികാരി അവകാശപ്പെട്ടു.
സുവേന്ദു അധികാരിയുടേതിന് സമാനമായ പ്രതികരണമാണ് ബി.ജെ.പി നേതാക്കളായ സുകാന്ത മജുംദാറും അരുൺ മൻഡാലും നടത്തിയത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ജനങ്ങളും ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് മജുംദാര്‍ പറഞ്ഞു.
ഡൽഹിയിൽ ഇപ്പോൾ ബി.ജെ.പിയെ സഹായിച്ച ബംഗാൾ സ്വദേശികളുടെ കുടുംബങ്ങൾ അടുത്ത തവണ പശ്ചിമ ബംഗാളിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് മൻഡാലും പറഞ്ഞു. ഡൽഹിയിൽ 27 വർഷത്തിന് ശേഷമാണ് ബി.ജെ.പി ഭരണത്തിലെത്തുന്നത്. ബി.ജെ.പിക്ക് 48ഉം എ.എ.പിക്ക് 22ഉം സീറ്റുകളാണ് ഡൽഹിയിൽ ലഭിച്ചത്. ഡൽഹിയിൽ എ.എ.പിക്കായി സജീവമായി രംഗത്തുണ്ടായിരുന്ന തൃണമൂൽ കോൺഗ്രസ് ബി.ജെ.പിയുടെ വിജയത്തിൽ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.