ബംഗാളികളോടുള്ള ഭരണകൂട വിവേചനം കടുക്കുന്നു; ഡൽഹിയിൽ കുടിയേറിയ ചേരി നിവാസികൾക്ക് വെള്ളവും വെളിച്ചവും തടഞ്ഞ് അധികൃതർ

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ നിന്നുള്ള ബംഗാളി സംസാരിക്കുന്ന കുടിയേറ്റക്കാരുടെ വാസസ്ഥലമായ ഡൽഹി വസന്ത് കുഞ്ചിലെ ജയ്ഹിന്ദ് ക്യാമ്പിലെ താമസക്കാർ വൈദ്യുതിയും വെള്ളവും ഇല്ലാതെ വലയാൻ തുടങ്ങിയിട്ട് മൂന്ന് ദിവസത്തിലേറെയായി. 

ഗാർഹിക തൊഴിലാളികളും ശുചിത്വ തൊഴിലാളികളും താമസിക്കുന്ന ഉയർന്ന റെസിഡൻഷ്യൽ ബ്ലോക്കുകൾക്ക് പിന്നിൽ കുടുങ്ങിക്കിടക്കുന്ന ചേരി പ്രദേശമാണിത്. അധികൃതരുടെ കടുത്ത അവഗണനയും ബോധപൂർവമായ വിവേചനവും താമസക്കാർ ആരോപിക്കുന്നു. ചേരിയിൽ മഴവെള്ളം കെട്ടിക്കിടക്കുകയാണെന്നും തങ്ങൾ ഇരുട്ടിലാണ് കഴിയുന്നതെന്നും ക്യാമ്പുകൾക്കകത്ത് താങ്ങാനാവാത്ത ഈർപ്പമാണെന്നും അവർ പറയുന്നു.

‘ദിവസങ്ങളായി ഞങ്ങൾക്ക് വൈദ്യുതിയോ വെള്ളമോ ഇല്ല. യാതൊരു അറിയിപ്പും കൂടാതെ വൈദ്യുതി വിച്ഛേദിച്ചുവെന്ന് ഇവിടുത്തെ ദീർഘകാല താമസക്കാരനായ ശ്യാം സിങ് പറഞ്ഞു. കുടിശ്ശിക തീർത്തടച്ചിട്ടും ഒരു ക്ഷേത്രത്തിന്റെയും പള്ളിയുടെയും കീഴിൽ രജിസ്റ്റർ ചെയ്ത ക്യാമ്പിലെ രണ്ട് പ്രധാന മീറ്ററുകൾ കട്ട് ചെയ്തുവെന്ന് സിങ് പറഞ്ഞു. ‘ഉദ്യോഗസ്ഥർ സി.ആർ.പി.എഫ് ജവാന്മാരോടൊപ്പം എത്തി ഞങ്ങളുടെ കേബിളുകൾ മുറിച്ചു. വിശദീകണമൊന്നും നൽകാതെ സ്ഥലംവിട്ടു. ഞങ്ങൾ ഞങ്ങളുടെ ബില്ലുകൾ കാണിച്ചുകൊണ്ട് വൈദ്യുതി ഓഫിസിനെ സമീപിച്ചുവെങ്കിലും പക്ഷേ ആരും പ്രതികരിച്ചില്ല’ -സിങ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

‘ഞങ്ങളുടെ കുട്ടികളാണ് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്. വേനൽക്കാല അവധിക്ക് ശേഷം ജൂലൈ 2ന് സ്കൂളുകൾ വീണ്ടും തുറന്നു ഇപ്പോൾ അവർക്ക് പഠിക്കാനോ ക്ലാസുകളിൽ ശരിയായി പോവാനോ കഴിയുന്നില്ല. വൈദ്യുതിക്ക് യൂനിറ്റിന് 9-10 രൂപ ഞങ്ങൾ നൽകുന്നുണ്ട്. പക്ഷേ എന്തിന്’ -35 വയസ്സുള്ള ഫാത്തിമ എന്ന സ്ത്രീ പറഞ്ഞു.

മറ്റ് ക്യാമ്പ് നിവാസികളും ഇതേ വികാരം പ്രകടിപ്പിച്ചു. അവർ ഞങ്ങളെ സംസാരിക്കാൻ അനുവദിച്ചില്ല. ബില്ലുകൾ കെട്ടിക്കിടക്കുകയാണെന്ന് അവർ പറയുന്നു. അത് എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. വീടുകൾക്ക് നോട്ടീസ് നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മതീഹുർറഹ്മാൻ എന്നയാൾ പറഞ്ഞു. പണമടക്കൽ രസീതുകൾ ക്രമീകരിച്ചിട്ടും മനഃപൂർവ്വം ലക്ഷ്യം വെച്ചുള്ള ആക്രമണമാണിതെന്ന് ക്യാമ്പ് നിവാസികളായ മുഹ്‌സിനും ബബ്ലു സിങ്ങും ആരോപിച്ചു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുടനീളമുള്ള ബംഗാളി സംസാരിക്കുന്ന സമൂഹങ്ങളോടുള്ള വിശാലമായ ശത്രുതയുമായി ഇതിനെ ബന്ധപ്പെടുത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഈ സാഹചര്യത്തെ അപലപിച്ചു.

ഇതൊരു ക്യാമ്പിന്റെ മാത്രം കാര്യമല്ല. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിലും സമാനമായ സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ബംഗാളി സംസാരിക്കുന്ന പൗരന്മാരെ ലക്ഷ്യം വെക്കുന്ന ആശങ്കാജനകമായ പ്രവണതയുണ്ടെന്നും മമത ‘എക്‌സി’ലെ പോസ്റ്റിൽ പറഞ്ഞു.

‘ബി.ജെ.പി സർക്കാറിന്റെ നിർദേശപ്രകാരം കോളനിയിലേക്കുള്ള ജലവിതരണം നിർത്തിവച്ചതായി ഞാൻ കേട്ടു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീടുകളിൽ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് മീറ്ററുകളും നീക്കം ചെയ്തു. സ്വകാര്യ വാട്ടർ ടാങ്കർ വാങ്ങാൻ പണം സ്വരൂപിച്ചതായും എന്നാൽ ഡൽഹി പൊലീസും അതിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ആ നീക്കം തടഞ്ഞുവെന്നും താമസക്കാർ പരാതിപ്പെട്ടു. ഇപ്പോൾ നിർബന്ധിത കുടിയൊഴിപ്പിക്കൽ നടക്കുന്നു. ഭവനം, വൈദ്യുതി, വെള്ളം എന്നിവക്കുള്ള അവകാശം ലംഘിക്കപ്പെട്ടാൽ നമുക്ക് എങ്ങനെ സ്വയം ഒരു ജനാധിപത്യ റിപ്പബ്ലിക് എന്ന് വിളിക്കാൻ കഴിയും? - ജയ് ഹിന്ദ് ക്യാമ്പിനെ നേരിട്ട് പരാമർശിച്ചുകൊണ്ട് മമത ചോദ്യങ്ങളുന്നയിച്ചു.

ബംഗാളിൽ 1.5 കോടിയിലധികം കുടിയേറ്റ തൊഴിലാളികൾ അന്തസ്സോടെ ഉപജീവനമാർഗം കണ്ടെത്തുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ കാര്യത്തിലൊന്നും നമുക്ക് അങ്ങനെ പറയാൻ കഴിയില്ല. അവിടെ ബംഗാളി സംസാരിക്കുന്നവരെ നുഴഞ്ഞുകയറ്റക്കാരായി മുദ്രകുത്തുന്നു. ബംഗാളി സംസാരിക്കുന്നു എന്നത് ഒരാളെ ബംഗ്ലാദേശിയാക്കുന്നില്ല. ഏത് ഭാഷ സംസാരിച്ചാലും ഈ വ്യക്തികൾ മറ്റാരെയും പോലെ ഇന്ത്യയിലെ പൗരന്മാരാണെന്നും അവർ പറഞ്ഞു.

Tags:    
News Summary - Bengali migrants in Delhi slum face 3-day outage; residents allege official neglect, no response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.