ബംഗാൾ തെരഞ്ഞെടുപ്പ്: ട്രിബ്യൂണൽ അനുമതി നൽകിയാൽ പട്ടികയിൽ നിന്ന് പുറത്തായവർക്കും വോട്ട് ചെയ്യാമെന്ന് സുപ്രീം കോടതി ഉത്തരവ്

ബംഗാൾ: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്ക് ട്രിബ്യൂണൽ അനുമതി നൽകിയാൽ വോട്ട് ചെയ്യാൻ അവസരമൊരുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഏപ്രിൽ 21, 27 തീയതികൾക്കുള്ളിൽ അപ്പലേറ്റ് ട്രിബ്യൂണലുകൾ അനുകൂല തീരുമാനം എടുക്കുന്നവരെ അനുബന്ധ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി വോട്ട് ചെയ്യാൻ അനുവദിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയത്.

ഭരണഘടനയുടെ 142ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് കോടതി ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.  അപ്പീൽ നൽകി എന്നതുകൊണ്ടുമാത്രം വോട്ടവകാശം ലഭിക്കില്ലെന്നും ട്രിബ്യൂണലുകളിൽ നിന്ന് കൃത്യമായ ഉത്തരവ് ലഭിക്കുന്നവർക്ക് മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ എന്നും കോടതി വ്യക്തമാക്കി. വോട്ടർ പട്ടികയിൽ നിന്ന് തെറ്റായി പുറത്താക്കപ്പെട്ടവരും പുതുതായി ഉൾപ്പെട്ടവർക്കെതിരെ ആക്ഷേപം ഉന്നയിച്ചവരുമായി 34 ലക്ഷത്തോളം അപ്പീലുകളാണ് നിലവിലുള്ളത്.

പശ്ചിമ ബംഗാളിന് പുറമെ ജാർഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നുള്ള ജുഡീഷ്യൽ ഓഫീസർമാരുടെ കൂടി സഹായത്തോടെയാണ് ഈ അപ്പീലുകളിൽ തീർപ്പ് കൽപ്പിക്കുന്നത്. ഏപ്രിൽ 13 മുതൽ സംസ്ഥാനത്ത് 19 അപ്പലേറ്റ് ട്രിബ്യൂണലുകൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഈ സങ്കീർണ്ണമായ ദൗത്യം ചുരുങ്ങിയ കാലയളവിനുള്ളിൽ പൂർത്തിയാക്കുന്ന ജുഡീഷ്യൽ ഓഫീസർമാരുടെ നടപടിയെ കോടതി അഭിനന്ദിച്ചു. ഏപ്രിൽ 23, 29 തീയതികളിൽ നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ട്രിബ്യൂണൽ തീരുമാനങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു.

Tags:    
News Summary - Bengal Election: Supreme Court rules that those excluded from the list can vote if Tribunal grants permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.