തോറ്റത് 4089 വോട്ടുകൾക്ക്; കെജ്രിവാളിന്റെ പതനം ഉറപ്പാക്കിയത് ഷീല ദീക്ഷിതിന്റെ മകൻ

ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ എ.എ.പിയുടെ പതനത്തിനൊപ്പം ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് പാർട്ടി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ പതനമാണ്. ബി.ജെ.പിയുടെ പർവേശ് വർമയാണ് കെജ്രിവാളിനെ അടിയറവ് പറയിച്ചത്. വിജയിക്കാൻ സാധിച്ചില്ലെങ്കിലും കെജ്‍രിവാളിന്റെ പതനം ഉറപ്പാക്കിയത് മൂന്നാംസ്ഥാനത്തുള്ള സന്ദീപ് ദീക്ഷിത് ആണ്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഷീലാ ദീക്ഷിതിന്റെ മകനാണ് സന്ദീപ് ദീക്ഷിത്. അരവിന്ദ് കെജ്രിവാളാണ് ഷീല ദീക്ഷിതിന്റെ രാഷ്ട്രീയ ജീവിതത്തിന് വിരാമമിട്ടത്. അങ്ങനെ നോക്കുമ്പോൾ, സന്ദീപിന്റെത് മധുരപ്രതികാരമാണ്.

4089 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെജ്രിവാൾ 47കാരനായ പർവേശ് ശർമയോട് പരാജയപ്പെട്ടത്. 4,568 വോട്ടുകളാണ് സന്ദീപ് ദീക്ഷിത് നേടിയത്. കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലായിരുന്നുവെങ്കിൽ ഈ വോട്ടുകൾ കെജ്രിവാളിന് ലഭിക്കുമായിരുന്നുവെന്നും അങ്ങനെ പരാജയം ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്നുമാണ് ഫലം പുറത്തുവന്ന ശേഷം രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

2020ൽ ന്യൂഡൽഹി മണ്ഡലത്തിൽ 21,000ത്തിലേറെ വോട്ടുകൾക്കാണ് കെജ്രിവാൾ ബി.ജെ.പിയുടെ സുനിൽ യാദവിനെ തോൽപിച്ചത്. അന്ന് കോൺഗ്രസ് സ്ഥാനാർഥിയായ റൊമേഷ് സബർവാൾ 3220 വോട്ടുകളാണ് നേടിയത്. അഞ്ചുവർഷം കൊണ്ട് ഡൽഹിയിൽ ബി.ജെ.പിയുടെ വോട്ട് വിഹിതത്തിൽ വലിയ വളർച്ചയാണുണ്ടായത്.

ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനാണ് പർവേശ് ശർമ. മുതിർന്ന ബി.ജെ.പി നേതാവായ സാഹിബ് സിങ് വർമ 1996 ഫെബ്രുവരി മുതൽ 1998 ഒക്ടോബർ വരെയാണ് ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്.

27 വർഷത്തിന് ശേഷമാണ് ബി.ജെ.പി രാജ്യതലസ്ഥാനത്ത് അധികാരത്തിൽ തിരികെ വരുന്നത്. എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ബി.ജെ.പിയുടെ മുന്നേറ്റം.

Tags:    
News Summary - Behind Arvind Kejriwal's Big Defeat, A Son's Revenge In New Delhi Seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.