ബാബർക്ക്​ മുമ്പ്​ ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കൾ -അസം മുഖ്യമന്ത്രി

ബാബർ ചക്രവർത്തിയുടെ കാലത്തിന്​ മുമ്പ്​ ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കളായിരുന്നു എന്ന്​ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ന്യൂസ് 18 ചാനൽ സംഘടിപ്പിച്ച പരിപാടിയിലാണ്​ ഹിമന്തയുടെ പുതിയ പരാമർശം. ഇന്ത്യ ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായതിനാൽ ഇന്ത്യക്ക് പുറത്ത് പ്രശ്‌നങ്ങൾ അനുഭവിക്കുന്ന ഹിന്ദുക്കളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യ ഹിന്ദു ഭൂരിപക്ഷ രാജ്യമാണ്.

ഇന്ത്യക്ക് പുറത്ത് ഏതെങ്കിലും ഹിന്ദുവിന് പ്രശ്‌നമുണ്ടായാൽ രാജ്യത്തേക്ക് സ്വാഗതം. ഓരോ ഹിന്ദുവിന്‍റെയും വേരുകൾ ഇന്ത്യയാണ്. ബാബർ യുഗത്തിന് മുമ്പ് എല്ലാവരും ഹിന്ദുക്കളായിരുന്നു' -ഹിമന്ത പറയുന്നു. സി.എ.എ സംബന്ധിച്ച ചോദ്യങ്ങൾക്കാണ്​ മുഖ്യമന്ത്രിയുടെ വിചിത്ര മറുപടികൾ. ഹിന്ദുത്വം ഒരു ജീവിതരീതിയാണെന്നും മിക്ക മതങ്ങളുടെയും അനുയായികൾ ഹിന്ദുക്കളുടെ പിൻഗാമികളാണെന്നും ശർമ്മ നേരത്തേ അവകാശപ്പെട്ടിരുന്നു. ഹിന്ദുത്വം ആരംഭിച്ചത് 5000 വർഷങ്ങൾക്ക് മുമ്പാണ്.

അത് ആർക്കും തടയാൻ കഴിയില്ലെന്നും നേരത്തേ വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്​. 'ഹിന്ദുത്വം ഒരു ജീവിതരീതിയാണ്. എനിക്കോ മറ്റാർക്കെങ്കിലുമോ അത് എങ്ങനെ തടയാനാകും? കാലങ്ങളായി അത് ഒഴുകിക്കൊണ്ടിരുന്നു. നമ്മളെല്ലാവരും ഹിന്ദുക്കളുടെ പിന്മുറക്കാരാണ്. ഒരു ക്രിസ്ത്യാനിയോ മുസ്​ലിമോ ഹിന്ദുക്കളിൽ നിന്ന് ചില സമയങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഹിന്ദുത്വയെ നീക്കം ചെയ്യാൻ കഴിയില്ല കാരണം അത് ഒരാളുടെ വേരുകളിൽ നിന്നും മാതൃരാജ്യത്തിൽ നിന്നും ഉള്ളതാണ്​' -ശർമ്മ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.