മുഖ്യമന്ത്രിക്ക് ബീഫ് വാഗ്ദാനം ചെയ്ത് വീഡിയോ; ബംഗാളി യുവതി അറസ്റ്റിൽ, ജാമ്യം നിഷേധിച്ചു

ഗുരുഗ്രാം: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്ക് ബീഫ് പാകം ചെയ്തു നൽകുമെന്ന് അവകാശപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ബംഗാളി യുവതിയെ ഹരിയാനയിലെ ഗുരുഗ്രാമിൽ പൊലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്ന സംഘ്പരിവാർ പ്രവർത്തകരുടെ പരാതിയിലാണ് പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂർ സ്വദേശിനി ജ്യോത്സ്ന ബീബിയെ സെക്ടർ 29 പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഗുരുഗ്രാമിലെ ചക്കർപൂർ മേഖലയിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയായിരുന്നു ഇവർ. ചൊവ്വാഴ്ച പ്രാദേശിക കോടതിയിൽ യുവതി ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി അത് നിരസിച്ചു.

ചക്കർപൂർ ഗ്രാമവാസിയായ ദിനേശ് യാദവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. “നിങ്ങൾക്ക് വേണ്ടി ഞാൻ കുറച്ച് ബീഫ് പാകം ചെയ്തിട്ടുണ്ട്. ഇത്തവണ എന്നെ കുർബാനി (ബലി) നടത്താൻ നിങ്ങൾ അനുവദിച്ചില്ല” എന്ന് ജ്യോത്സ്ന ബീബി വീഡിയോയിൽ പറയുന്നതായി പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയെ പരിഹസിക്കുന്ന രീതിയിലുള്ളതാണ് ഈ വീഡിയോ എന്നാണ് പൊലീസിന്റെ വാദം. ഫോറൻസിക് പരിശോധനയ്ക്കായി ഇവരുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട യുവതിയുടെ ജാമ്യാപേക്ഷയെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ്  എതിർത്തു. കേസ് വീണ്ടും പരിഗണിക്കുന്നതിനായി ജൂൺ എട്ടിലേക്ക് മാറ്റി.

ബക്രീദിന് തൊട്ടുമുമ്പ് പശ്ചിമ ബംഗാൾ സർക്കാർ പശു, കാള, പോത്ത് എന്നിവയെ പരസ്യമായി കശാപ്പ് ചെയ്യുന്നത് നിരോധിക്കുകയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെയുള്ള അമർഷമാണ് യുവതിയുടെ വീഡിയോയിലുള്ളതെന്നാണ് സൂചന. അതേസമയം, രാജ്യത്തുടനീളം മുസ്ലിം ജനവിഭാഗങ്ങളെ ലക്ഷ്യമിടുന്നതിനും ഭയപ്പെടുത്തുന്നതിനുമായി ബി.ജെ.പി സർക്കാരുകളും തീവ്ര ഹിന്ദുത്വ സംഘടനകളും ബീഫ് ഉപയോഗം, ഗോവധം തുടങ്ങിയ വിഷയങ്ങളെ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ വിമർശിക്കുന്നു.

Tags:    
News Summary - Beef video row: Bengali woman sent to jail as court denies bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.