കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ താടി വെച്ച ഡോക്ടർക്ക് അഡ്മിഷൻ നിഷേധിച്ചുവെന്ന്

കോയമ്പത്തൂർ: താടി കാരണം കോയമ്പത്തൂരിലെ ഒരു സ്വകാര്യ മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷ്യാലിറ്റിയിൽ ബിരുദത്തിന് പ്രവേശനം നിഷേധിച്ചുവെന്ന ആരോപണവുമായി കശ്മീരിൽ നിന്നുള്ള ഡോക്ടർ. ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് സംഭവത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടു.

പേര് വെളിപ്പെടുത്തരുതെന്ന് അഭ്യർഥിച്ച ഡോക്ടർ, നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി കൗൺസിലിങിന്റെ രണ്ടാംറൗണ്ടിൽ കോവൈ മെഡിക്കൽ സെന്റർ ആൻഡ് ആശുപത്രി നെഫ്രോളജി വിഭാഗത്തിൽ ഡോക്ടറേറ്റ് ഓഫ് നാഷനൽ ബോർഡ് ഡിഗ്രി കോഴ്‌സിന് തെരഞ്ഞെടുക്കപ്പെട്ടതായി പറഞ്ഞു.

ഇത് ഒരു സ്വകാര്യ സ്ഥാപനമാണെങ്കിലും നീറ്റ് പാസായതിനു ശേഷമാണ് അദ്ദേഹത്തെ അവിടെ പ്രവേശിപ്പിച്ചത്. ‘ജൂൺ 17ന് ഞാൻ  ചേരാൻ പോയി. പക്ഷേ, എന്റെ നീണ്ട താടി കണ്ടപ്പോൾ അവരുടെ വസ്ത്രധാരണരീതിയിൽ താടി അനുവദിക്കാത്തതിനാൽ സ്ഥാപന മേധാവിയെ കാണണമെന്ന് ചിലർ നിർദേശിച്ചതായി ഡോക്ടർ ‘ദി ടെലിഗ്രാഫി’നോടു പറഞ്ഞു.  എന്നാൽ, എന്റെ താടിക്ക് ഒരു പ്രശ്നവുമില്ലെന്ന് നെഫ്രോളജി വിഭാഗത്തിലെ അധ്യാപകർ എന്നോട് പറഞ്ഞു. പക്ഷെ, തീരുമാനം ചെയർമാന്റെതാണ്. ഞാൻ ഉന്നത ഉദ്യോഗസ്ഥരെ കണ്ടു. താടി അനുവദനീയമല്ലെന്ന് അവരും വ്യക്തമായി പറഞ്ഞു. അത് എന്റെ വിശ്വാസത്തിന് എതിരായതിനാൽ ഞാൻ അവിടെ ചേരേണ്ടെന്ന് തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

മൂന്നാം റൗണ്ട് കൗൺസിലിങിന് അപേക്ഷിക്കാൻ അനുമതി തേടി ഡോക്ടർ നാഷണൽ മെഡിക്കൽ കമീഷന്റെ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ബോർഡിൽ പരാതി നൽകിയിട്ടുണ്ട്. കത്തിൽ, ആശുപത്രി ഭരണകൂടം മുഖം ഷേവ് ചെയ്യുന്ന കാര്യത്തിൽ കർശനമായ നിലപാട് ​കൈകൊണ്ടു എന്നും അത് തന്റെ മതവിശ്വാസത്തി​നെതിരും മതസ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനവും ആണെന്നും ഡോക്ടർ എഴുതി.

കശ്മീരിൽനിന്ന് കോയമ്പത്തൂരിലേക്ക് പ്രവേശനത്തിനായി 4,000 കിലോമീറ്റർ സഞ്ചരിച്ചതായും ആശുപത്രിയുടെ നയം കാരണം കൗൺസിലിങുമായി ബന്ധപ്പെട്ട 2 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെട്ടതായും അദ്ദേഹം അറിയിച്ചു. 

‘ജൂൺ 26നകം തമിഴ്‌നാട്ടിലെ കോവൈ മെഡിക്കൽ സെന്ററിൽ ചേരാൻ ബോർഡ് മറുപടി നൽകി. പക്ഷേ, എന്റെ താടിയെക്കുറിച്ച് അതിൽ ഒരു വാക്കുമില്ല. പരാതിപ്പെട്ടതിനുശേഷം അവിടെ പഠിക്കുന്ന ഒരു സുഹൃത്ത് താടി വടിക്കാതെ ചേരാമെന്ന് എനിക്ക് സന്ദേശം അയച്ചു -അദ്ദേഹം പറഞ്ഞു. ‘പക്ഷേ ഞാൻ മാനസികമായി തയ്യാറല്ല. ഭാവിയിൽ ഒരു പ്രശ്‌നവും ഇതിന്റെ പേരിൽ ഞാൻ ആഗ്രഹിക്കുന്നില്ല. മൂന്നാം റൗണ്ട് കൗൺസലിങിനായി എന്റെ 2 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ കിടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അല്ലാത്തപക്ഷം എനിക്കതിന് പുതിയ പണം കണ്ടെത്തേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞു.

Tags:    
News Summary - Bearded doctor 'denied admission' for super-speciality degree in Coimbatore medical institution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.