ഓഖ്‌ല ബട്‌ല ഹൗസിൽ പൊളിക്കാൻ ചുവന്ന അടയാളമിട്ട ഒരു വീടിനുള്ളിൽ ഇരിക്കുന്ന കുടുംബം. ഇതുപോലെ നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കുമാണ് ഇവിടെ പൊളിക്കൽ നോട്ടീസ് നൽകിയത് (ഫോട്ടോ കടപ്പാട്: outlookindia.com)
ന്യൂഡൽഹി: ഡൽഹി ജാമിഅ നഗർ ബട്‍ല ഹൗസിലെ കെട്ടിടം പൊളിക്കലിനെതിരായ ഹരജി കേൾക്കാമെന്ന് സമ്മതിച്ച് സുപ്രീംകോടതി. പൊളിക്കൽ നോട്ടീസ് ലഭിച്ച 40 പേരാണ് സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങൾ താമസിക്കുന്നത് പൊളിക്കാൻ കോടതി നിർദേശിച്ച സ്ഥലത്തല്ല എന്നും വീടിന് പുറത്ത് ഡി.ഡി.എ നോട്ടീസ് പതിച്ചിട്ടുണ്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി
യമുന നദിയോട് ചേർന്ന് ഉത്തർ പ്രദേശ് സർക്കാറിന് കീഴിലെ ജലസേചന വകുപ്പിന്റെ ഭൂമി നിയമവിരുദ്ധമായി കൈയേറി നിർമിച്ചെന്ന് ആരോപിച്ചാണ് നിരവധി കുടുംബങ്ങൾക്ക് ഡൽഹി വികസന അതോറിറ്റി (ഡി.ഡി.എ) പൊളിക്കൽ നോട്ടീസ് നൽകിയത്.
ജാമിഅ നഗറിലെ പൊതുഭൂമിയിലുള്ള അനധികൃത നിർമാണങ്ങൾ മൂന്നു മാസത്തിനുള്ളിൽ പൊളിച്ചുമാറ്റാൻ മേയ് എട്ടിന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ വീടുകളും കെട്ടിടങ്ങളും 15 ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് മേയ് 26ന് നിരവധി വീടുകൾക്കും കടകൾക്കും മുന്നിൽ ഡി.ഡി.എ നോട്ടീസ് പതിച്ചു.
എന്നാൽ, കോടതി പൊളിക്കാൻ നിർദേശിച്ച സ്ഥലത്തല്ല തങ്ങൾ താമസിക്കുന്നതെന്നും വീടിന് പുറത്ത് ഡി.ഡി.എ നോട്ടീസ് പതിച്ചിട്ടുണ്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഹരജിയുമായി ഡൽഹി ഹൈകോടതിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി ആദ്യം ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവ് ഉള്ളതിനാലാണ് പൊളിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയതോടെ ഹരജി അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.