കൊൽക്കത്ത: ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിൻ 19 വർഷത്തിന് ശേഷം കൊൽക്കത്തയിലെത്തി. രവീന്ദ്ര സദനിലെ സാഹിത്യ പരിപാടിയിൽ പങ്കെടുക്കാനാണ് ഈ മടങ്ങി വരവ്. ചടങ്ങിൽ തസ്ലീമയുടെ ആത്മകഥ പ്രകാശനം ചെയ്യും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചടങ്ങിൽ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.
പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയ പശ്ചാത്തലത്തിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള പരിപാടിയായാണിത് വിലയിരുത്തപ്പെടുന്നത്. സാഹിത്യ സമ്മേളനമായിട്ടാണ് ആസൂത്രണം ചെയ്തിട്ടുള്ളതെങ്കിലും, സർക്കാരിന്‍റെ ന്യൂനപക്ഷവിരുദ്ധമായ സമീപനം സംബന്ധിച്ച പുതിയ ചർച്ചകൾക്കിടയിൽ ഈ പരിപാടിക്ക് രാഷ്ട്രീയ പ്രാധാന്യം കൈവന്നിട്ടുണ്ട്.
കൊൽക്കത്തയിലേക്കുള്ള മടങ്ങിവരവ് സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തുന്നതുപോലെയാണ് തോന്നിയതെന്ന് തസ്ലീമ പറഞ്ഞു. "ഞാൻ എന്‍റെ സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തിയതുപോലെയാണ് എനിക്ക് തോന്നുന്നത്. അതിർത്തികളോ മുള്ളുവേലികളോ എന്‍റെ മനസ്സിൽ ബംഗാളിനെ ഒരിക്കലും രണ്ടായി വിഭജിച്ചിട്ടില്ല. ബംഗാളിന്റെ കിഴക്കൻ ഭാഗത്തേക്കുള്ള വാതിലുകൾ എനിക്ക് മുന്നിൽ അടഞ്ഞുകിടക്കുകയാണ്, അതിനാൽ തൽക്കാലത്തേക്ക് ബംഗാളിന്‍റെ ഈ ഭാഗമാണ് എന്‍റെ വീട്," അവർ കൂട്ടിച്ചേർത്തു.
മതപരമായ സമ്മർദങ്ങൾക്ക് മുന്നിൽ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ മുൻകാല ഇടതുമുന്നണി, തൃണമൂൽ കോൺഗ്രസ് സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് തസ്ലീമയുടെ മടങ്ങിവരവിനെ അനുകൂലിക്കുന്ന നിലപാടാണ് ബി.ജെ.പി. സ്വീകരിച്ചിരിക്കുന്നത്. എന്നാൽ വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാനും ക്രമസമാധാനം നിലനിർത്താനുമാണ് 2007ൽ ഭരണപരമായ തീരുമാനങ്ങൾ എടുത്തതെന്നാണ് അന്നത്തെ ഇടതുപക്ഷ നിലപാട്.
2003ൽ 'ദ്വിഖണ്ഡിത' എന്ന തന്‍റെ നോവലിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളെ തുടർന്നാണ് തസ്ലീമ നസ്രിന് അന്നത്തെ ഇടതുസര്‍ക്കാർ ആവശ്യപ്പെട്ടതുപ്രകാരം കൊൽക്കത്ത നഗരം വിട്ടത്. നോവൽ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വലിയ വിവാദങ്ങളുണ്ടായിരുന്നു. പുസ്തകത്തിന്‍റെ പ്രകാശനത്തിന് പിന്നാലെ നഗരത്തിൽ പ്രതിഷേധങ്ങളുമുണ്ടായി. തുടർന്ന് സർക്കാർ പശ്ചിമ ബംഗാളിൽ പുസ്തകത്തിന്‍റെ പ്രചാരണം നിരോധിച്ചു. 2005ൽ കൽക്കട്ട ഹൈക്കോടതി നിരോധനം നീക്കുകയും പുസ്തകം വീണ്ടും പ്രചരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.