ചണ്ഡീഗഢ്: കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ മാതാപിതാക്കൾക്ക് ഐ.വി.എഫ് വഴി കുഞ്ഞ് പിറന്ന സംഭവത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരണം തേടിയിരുന്നു. അതിൽ പ്രതികരിച്ചിരിക്കുകയാണ് മൂസെവാലയുടെ പിതാവ് ബൽകൗർ സിങ്. മൂസെവാല കൊല്ലപ്പെട്ട് രണ്ടുവർഷത്തിനു ശേഷമാണ് ഇരുവരും വീണ്ടും മാതാപിതാക്കളായത്.
ഇപ്പോൾ കുട്ടിയുടെ രേഖകൾ ചോദിച്ച് ജില്ലാ ഭരണകൂടം ഉപദ്രവിക്കുകയാണെന്ന് ബൽകൗർ സിങ് ആരോപിച്ചു. ഭാര്യ ചികിത്സയിലാണെന്നും അതു കഴിയുമ്പോൾ കുട്ടിയുമായി ബന്ധപ്പെട്ട രേഖകൾ നൽകാമെന്നും സർക്കാരിനോടും മുഖ്യമന്ത്രിയോടും അപേക്ഷിക്കുന്നുവെന്നുമാണ് ബൽകൗർ സിങ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നത്.
''എല്ലാവരുടെയും അനുഗ്രഹത്താൽ ഞങ്ങളുടെ ശുഭ്ദീപ് മടങ്ങിയെത്തിയിരിക്കുന്നു. എന്നാൽ ഇന്ന് ഞാൻ ദുഃഖിതനാണ്. കുഞ്ഞ് പിറന്നത് നിയമാനുസൃതമാണെന്ന് തെളിയിക്കാൻ രേഖകൾ ചോദിച്ച് ജില്ലാഭരണകൂടം ബുദ്ധിമുട്ടിക്കുകയാണ്.''-എന്നാണ് അദ്ദേഹം പറഞ്ഞത്.
58കാരിയായ ചരൺ കൗറിന്റെ ഐ.വി.എഫ് ചികിത്സയുടെ വിശദവിവരങ്ങൾ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പഞ്ചാബ് സർക്കാറിന് കത്തയച്ചിരുന്നു. നിലവിലെ നിയമം അനുസരിച്ച് ഐ.വി.എഫ് ചികിത്സക്ക് വിധേയരാകാൻ അമ്മമാരുടെ പ്രായം 21നും 50നുമിടയിലാണ്. 2022 മേയ് 29നാണ് മൂസെവാല കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.