അഡ്വ. ഹാരിസ് ബീരാൻ എം.പി

ബലിപെരുന്നാൾ ദിനത്തിലെ പരീക്ഷകൾ മാറ്റി വെക്കണം; ഡൽഹി യൂനിവേഴ്സിറ്റിക്ക് കത്തയച്ച് അഡ്വ. ഹാരിസ് ബീരാൻ എം.പി

ന്യൂഡൽഹി: ബക്രീദ് ദിനത്തിൽ പരീക്ഷകൾ നടത്തുന്നതിനെതിരെ ഡൽഹി യൂനിവേഴ്സിറ്റി അധികൃതർക്ക് കത്തയച്ച് മുസ്ലിം ലീഗ് എം.പി അഡ്വ. ഹാരിസ് ബീരാൻ. ഈദ് പ്രമാണിച്ച് മെയ് 28ന് സർവകലാശാല നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അന്ന് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. സർവകലാശാലയുടെ ഈ തീരുമാനത്തിനെതിരെ വിദ്യാർഥികൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് എം.പി ഈ വിഷയത്തിൽ ഇടപെട്ടത്.

വിശ്വാസികളായ വിദ്യാർഥികൾക്ക് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരാഘോഷം നടത്തുന്നതിനിടയിൽ പരീക്ഷ കൂടി എഴുതേണ്ടി വരുന്നത് വലിയ മാനസിക പ്രയാസം സൃഷ്ടിക്കുമെന്ന് അദ്ദേഹം വൈസ് ചാൻസലർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഒരു വശത്ത് അവധി പ്രഖ്യാപിക്കുകയും മറുവശത്ത് പരീക്ഷ നടത്തുകയും ചെയ്യുന്നത് വൈരുദ്ധ്യമാണ്. വിദ്യാർഥികൾക്ക് അവരുടെ പഠനപരമായ കാര്യങ്ങളും മതപരമായ വിശ്വാസങ്ങളും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കുന്ന വിധത്തിൽ പരീക്ഷാ തീയതികളിൽ മാറ്റം വരുത്താൻ സർവകലാശാല തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും പരാതികൾ പരിഗണിച്ച് മെയ് 28ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മറ്റൊരു സൗകര്യപ്രദമായ ദിവസത്തേക്ക് മാറ്റി വെക്കണമെന്നാണ് എം.പിയുടെ പ്രധാന ആവശ്യം. ഡൽഹി യൂനിവേഴ്സിറ്റി വി.സി, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്. വിഷയത്തിൽ സർവകലാശാലയുടെ ഭാഗത്ത് നിന്നും അനുകൂലമായ നടപടി ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Bakrid day exams should be postponed Adv. Haris Biran MP writes to Delhi University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.