ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബാഗേശ്വർ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. അഞ്ച് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 1091 വോട്ടിന് ബി.ജെ.പി സ്ഥാനാർഥി പാർവതി ദാസ് മുന്നിലാണ്. പാർവതി ദാസിന് 12,436 വോട്ടും കോൺഗ്രസിന്‍റെ ബസന്ത് കുമാറിന് 11,345 വോട്ടുമാണ് ലഭിച്ചത്. ഒമ്പത് റൗണ്ട് വോട്ടുകൾ കൂടി എണ്ണാനുണ്ട്.
ബാഗേശ്വറിൽ ബി.ജെ.പിയുടെ ചന്ദൻ രാംദാസാണ് 2022ലെ തെരഞ്ഞെടുപ്പിൽ ജയിച്ചത്. 11,851 വോട്ടിനായിരുന്നു ജയം. അദ്ദേഹത്തിന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
യു.പിയിലെ ഘോസി നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എസ്.പി മുന്നേറ്റം. കഴിഞ്ഞ തവണ എസ്.പി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച നേതാവിനെ സ്ഥാനാർഥിയാക്കിയുള്ള ബി.ജെ.പി പ്രതീക്ഷകൾക്കാണ് തിരിച്ചടിയേറ്റത്. വോട്ടെണ്ണൽ മൂന്ന് റൗണ്ട് പിന്നിട്ടപ്പോൾ എസ്.പിയുടെ സുധാകർ സിങ് 1992 വോട്ടിന് മുന്നിലാണ്. സുധാകർ സിങ്ങിന് 10,334 വോട്ടും ബി.ജെ.പി സ്ഥാനാർഥി ധാരാ സിങ് ചൗഹാന് 8342 വോട്ടുമാണ് ലഭിച്ചത്.
കഴിഞ്ഞ തവണ എസ്.പി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചയാളാണ് ധാരാ സിങ് ചൗഹാൻ. ഒന്നാം യോഗി ആദിത്യനാഥ് സർക്കാറിൽ കാബിനറ്റ് മന്ത്രിയായിരുന്ന ചൗഹാൻ 2022ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി വിട്ട് എസ്.പി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്. കഴിഞ്ഞ ജൂലൈയിൽ രാജിവെച്ച് തിരികെ ബി.ജെ.പിയിലേക്ക് തന്നെ മടങ്ങിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചൗഹാനെ ബി.ജെ.പി ഇത്തവണ സ്ഥാനാർഥിയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.