ന്യൂഡൽഹി: ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ കൊറോണ ധമനികളിലെ തടസ്സം നീക്കാനുള്ള ബൈപാസ് ശസ്ത്രക്രിയക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിനെതിരായ കേന്ദ്ര ഏജൻസിയുടെ ഹരജി സുപ്രീംകോടതി തള്ളി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ ബാലാജിക്കെതിരായ ഹരജി മദ്രാസ് ഹൈകോടതിയിലുണ്ടെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേശ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്.
സുപ്രീംകോടതി അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ട സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് മദ്രാസ് ഹൈകോടതി വിധിക്കായി കാത്തിരിക്കാൻ ബെഞ്ച് ആവശ്യപ്പെട്ടു.
ജൂൺ 13ന് ഇ.ഡി അറസ്റ്റ് ചെയ്ത സെന്തിലിനായി കുടുംബം സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി നിലനിൽക്കുന്നതല്ലെന്നും ആ ഹരജിയിൽ ആശുപത്രി മാറ്റം അനുവദിച്ചത് തെറ്റാണെന്നും മേത്ത ബുധനാഴ്ച വാദിച്ചു. ഹൈകോടതി നടപടി നിയമവിരുദ്ധമാണെന്ന് വാദിച്ചപ്പോൾ സുപ്രീംകോടതിക്ക് അങ്ങനെ ഉൗഹിക്കാനാവില്ലെന്ന് ജസ്റ്റിസ് സുര്യകാന്ത് മറുപടി നൽകി.
ഹേബിയസ് കോർപസ് ഹരജിയിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റത്തിനുള്ള ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഇതോടെ ഇ.ഡിയുടെ റിമാൻഡ് അർഥശൂന്യമായെന്നും മേത്ത തുടർന്നപ്പോൾ, ഇക്കാര്യമെല്ലാം മദ്രാസ് ഹൈകോടതിയിൽ ബോധിപ്പിക്കാൻ ബെഞ്ച് ആവശ്യപ്പെട്ടു. നിയമതത്ത്വങ്ങൾക്ക് അനുസൃതമായി ഹൈകോടതി നീങ്ങുമെന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ തങ്ങൾ പരിശോധിക്കുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
ചെന്നൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ഹൃദയശസ്ത്രക്രിയ പൂർത്തിയായി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദയ രക്തധമനിയിൽ തടസ്സം കണ്ടെത്തിയതിനെത്തുടർന്നാണ് ബാലാജിക്ക് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.