കൗശംബി: ഐ.എസ്.ഐയുമായി ബന്ധമുള്ള ബബ്ബർ ഖൽസ ഇന്‍റർനാഷനൽ (ബി.കെ.ഐ) എന്ന സംഘടനയിലെ ഭീകരൻ ഉത്തർപ്രദേശിൽ അറസ്റ്റിൽ. പഞ്ചാബ് അമൃത്സറിലെ കുർലിയാൻ ഗ്രാമവാസിയായ ലസർ മസീഹ് ആണ് അറസ്റ്റിലായത്. യു.പി പ്രത്യേക ദൗത്യസേനയും പഞ്ചാബ് പൊലീസും നടത്തിയ സംയുക്ത ഓപറേഷനിലാണ് ഭീകരൻ പിടിയിലായത്.
ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ കഴിഞ്ഞ വർഷം സെപ്റ്റംബർ 29ന് കടന്നുകളഞ്ഞ ആളാണ് പിടിയിലായ ലസർ മസീഹ്. കൗശംബി ജില്ലയിലെ കോഖ്‌രാജ് പൊലീസ് സ്റ്റേഷൻ പിരിധിയിലാണ് ദൗത്യസേന തിരച്ചിൽ നടത്തിയത്. ഭീകരന്‍റെ കൈവശമുണ്ടായിരുന്ന ഹാൻഡ് ഗ്രനേഡ്, ഡിറ്റനേറ്റർ, വിദേശ നിർമിത പിസ്റ്റൽ, വെടിയുണ്ടകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സ്ഫോടകവസ്തുക്കളും ദൗത്യസേന പിടിച്ചെടുത്തു.
ബബ്ബർ ഖൽസ ഇന്‍റർനാഷനലിന്‍റെ ജർമനി ആസ്ഥാനമായ വിഭാഗത്തിന്‍റെ തലവൻ ജീവൻ ഫൗജി എന്ന സ്വാൺ സിങ്ങിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ആളാണ് പിടിയിലായത്. പാകിസ്താൻ ആസ്ഥാനമായ ഐ.എസ്.ഐയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് യു.പി പ്രത്യേക ദൗത്യസേന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 27ന് ബട് ല സിറ്റിൽ ആക്രമണം നടത്തിയതിന് പിന്നിൽ ഭീകര സംഘമാണെന്ന് കണ്ടെത്തിയ പഞ്ചാബ് പൊലീസ് സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.
പാകിസ്താനിൽ നിന്ന് സായുധ പരിശീലനം നേടിയ ബബ്ബർ ഖൽസ ഭീകരർ പഞ്ചാബിലേക്ക് കടന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് 2010 ഒക്ടോബർ 27ന് വിവരം കൈമാറിയിരുന്നു. പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത ഖൽസ ഭീകരൻ കമൽദീപ് സിങ് ആണ് വെളിപ്പെടുത്തൽ നടത്തിയത്.
വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ 12 ഒാളം തീവ്രവാദികൾ പഞ്ചാബിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കടന്നതായായിരുന്നു വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.