ന്യൂഡൽഹി: ബാബരി മസ്ജിദ് നിന്നിടത്ത് ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയ വാദത്തിന് യാതൊരു തെളിവുമില്ലെന്ന് പുരാവസ്തു ഗവേഷകയുടെ വെളിപ്പെടുത്തൽ. ആറുമാസത്തെ ഉത്ഖനനത്തിനുശേഷം ക്ഷേത്രാവശിഷ്ടങ്ങളുടെ തെളിവ് കണ്ടെത്തിയെന്നാണ് ആർക്കിയോളജിക്കൽ സർവേ അലഹാബാദ് ഹൈകോടതിയെ അറിയിച്ചത്. 16ാം നൂറ്റാണ്ടിൽ നിർമിച്ച പള്ളിയാണ് 1992 ഡിസംബർ ആറിന് കർസേവകർ തകർത്തത്.
സകല മാനദണ്ഡങ്ങളും ലംഘിച്ചായിരുന്നു ആർക്കിയോളജിക്കൽ സർവേയുടെ ഉത്ഖനനമെന്നാണ് പുരാവസ്തു ഗവേഷകരായ സുപ്രിയ വർമയും ജയ മേനോനും ചൂണ്ടിക്കാട്ടുന്നത്. ഇത്തരമൊരു തെറ്റിദ്ധാരണ പരത്തുംവിധം ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയത് യാതൊരു തെളിവുകളുടേയും പിൻബലമില്ലാതെയാണെന്നാണ് അവരുടെ വാദം. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ആർക്കിയോളജി പ്രഫസറാണ് സുപ്രിയ. ശിവ നടാർ സർവകലാശാലയിലെ ചരിത്രവിഭാഗം മേധാവിയാണ് ജയ മേനോൻ.
ആർക്കിയോളജിക്കൽ സർവേ ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിെൻറ ഉപസംഹാരത്തിൽ പറയുന്നതൊന്നും ഉത്ഖനനത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് അവർ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. തെളിവ് ശേഖരണവും അതിെൻറ വ്യാഖ്യാനവും വ്യക്തമാക്കി 2010ൽ ഇരുവരും ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലിയിൽ പഠനം പ്രസിദ്ധീകരിച്ചിരുന്നു. ബാബരി മസ്ജിദ് ധ്വംസനത്തിെൻറ 26ാം വാർഷികത്തിെൻറ ഭാഗമായി ഹഫ്പോസ്റ്റ് ഇന്ത്യക്കുവേണ്ടിയുള്ള അഭിമുഖത്തിൽ അന്നത്തെ വാദം അവർ വീണ്ടും നിരത്തി. കെട്ടിച്ചമച്ച കൃത്രിമമായ ഉപസംഹാരത്തോടുകൂടിയാണ് ആർക്കിയോളജിക്കൽ സർവേ ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയത്. തെളിവുതേടിയുള്ള ഉത്ഖനനത്തിെൻറ മാനദണ്ഡങ്ങൾ മനഃപൂർവം ലംഘിച്ചത് ഉത്ഖനന ചുമതലക്കാരനായ ബി.ആർ. മണിയാണ്. ഇദ്ദേഹത്തെയാണ് പിന്നീട് ദേശീയ മ്യൂസിയത്തിെൻറ ഡയറക്ടർ ജനറലായി മോദി സർക്കാർ നിയമിച്ചതെന്നും അഭിമുഖത്തിൽ സുപ്രിയ വർമ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.