അയോധ്യ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അയോധ്യയിലെ റെയിൽവേ സ്റ്റേഷൻ പുനരുദ്ധാരണ പ്രവൃത്തി പൂർത്തിയാക്കാനുറച്ച് ബി.ജെ.പി സർക്കാർ. രാമക്ഷേത്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റെയിൽവേ സ്റ്റേഷന്‍റെ പുനർനിർമാണം നടക്കുന്നത്. 2018ൽ ആരംഭിച്ച നിർമാണം 2022 മാർച്ച് 22ന് പൂർത്തീകരിക്കും.
അത്യാധുനിക സംവിധാനങ്ങളോടുകൂടി പണി കഴിപ്പിക്കുന്ന റെയിൽവേ സ്റ്റേഷന്‍റെ ആദ്യഘട്ട നിർമാണത്തിന് ഏകദേശം 126 കോടി രൂപയും രണ്ടാം ഘട്ടത്തിന് 300 കോടി രൂപയുമാണ് ചെലവ്. പത്ത് ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാവുന്ന രീതിയിലാണ് സ്റ്റേഷന്‍റെ നിർമാണം.
1400 സ്ക്വയർ മീറ്റർ വിസ്തീർണമുള്ള കാത്തിരിപ്പ് കേന്ദ്രം, 14 റിട്ടയർമെന്‍റ് റൂം, 76 ഡോർമിറ്ററികൾ തുടങ്ങിയവ സ്റ്റേഷനുള്ളിലുണ്ടാകും. 76 ഡോർമിറ്ററികൾ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി 44, 32 എന്നിങ്ങനെ സജ്ജീകരിക്കും. സ്റ്റേഷന്‍റെ താഴത്തെ നിലയിലും ഒന്നാം നിലയിലുമായി ഫുഡ് പ്ലാസകൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു. നാല് എലിവറേറ്റുകളും ആറ് എസ്കലേറ്ററുകളും സ്റ്റേഷനകത്തുണ്ടാകും.
രാമക്ഷേത്ര നിർമാണത്തിനുപയോഗിക്കുന്ന അതേ കല്ലുകളാണ് സ്റ്റേഷന്‍റെ നിർമാണത്തിനും ഉപയോഗിക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് അയോധ്യയിലെത്തിച്ചേരാനായി കൂടുതൽ ട്രെയിനുകൾ ഈ റൂട്ടിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രദേശത്തെ തിരക്ക് നിയന്ത്രിക്കാൻ പുതിയ റോഡുകളും അയോധ്യയിൽ നിർമിക്കും. വിശാലമായ പാർക്കിങ് സൗകര്യമാണ് സ്റ്റേഷന് മുന്നിൽ ഒരുക്കുന്നത്. 134 കാറുകളും 68 ഓട്ടോകളും 96 ബൈക്കുകളും പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. നിലവിൽ 22 മെയിലുകളും എക്സ്പ്രസ് ട്രെയിനുകളും ആയോധ്യ വഴി കടന്നുപോകുന്നുണ്ട്. ആറ് പാസഞ്ചർ ട്രെയിനുകളും ഇതിലൂടെ സർവിസ് നടത്തുന്നു. യു.പി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായിട്ട് വിമാനത്താവളമടക്കം നിരവധി വികസന പദ്ധതികളാണ് ബി.ജെ.പി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.