പശ്ചിമ ബംഗാളിലെ എക്സിറ്റ് പോൾ ഫലം പുറത്തുവിടാത്തതിന്റെ കാരണം വ്യക്തമാക്കി ആക്സിസ് മൈ ഇന്ത്യ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സംസ്ഥാനത്തെ എക്സിറ്റ് പോൾ വിവരങ്ങൾ പുറത്തുവിടാനാകുന്നില്ലെന്ന് പ്രമുഖ സർവേ ഏജൻസിയായ ആക്സിസ് മൈ ഇന്ത്യ. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വോട്ടർമാർ പ്രതികരിക്കാൻ ഭയപ്പെടുകയാണെന്നും അതിനാൽ വിവരങ്ങൾ കൃത്യമായ ശേഖരിക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നും ആക്സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇന്നായിരുന്നു ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലം പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

ബംഗാളിൽ സർവേയുമായി എത്തിയ തങ്ങളുടെ പ്രതിനിധികളോട് 70 മുതൽ 80 ശതമാനം വരെ ആളുകൾ സംസാരിക്കാൻ തയാറായില്ലെന്ന് പ്രദീപ് ഗുപ്ത പറഞ്ഞു.

"ജനങ്ങൾക്ക് കടുത്ത ഭയമുണ്ട്. കാമറ സംഘങ്ങളെ കാണുമ്പോൾ അവർ കൂടുതൽ ജാഗ്രത പാലിക്കുന്നു. ഏതെങ്കിലും വിധേന പ്രതികരിച്ചാൽ അത് പിന്നീട് പ്രശ്നമാകുമെന്ന് അവർ ഭയപ്പെടുന്നു. യെസ് ഓർ നോ ചോദ്യങ്ങൾക്കുപോലും അവർ പ്രതികരിച്ചിട്ടില്ല. ആകെ 30 മുതൽ 40 ശതമാനം വരെ ആളുകളാണ് ശരിയായി ഉത്തരംനൽകാൻ തയാറായത്. സാമ്പിൾ ശേഖരണ പ്രക്രിയ ശരിയായ രീതിയിൽ നടക്കാത്ത സാഹചര്യത്തിൽ ഊഹാപോഹങ്ങൾ പുറത്തുവിടുന്നതിനേക്കാൾ നല്ലത് എക്സിറ്റ് പോൾ ഫലം പ്രഖ്യാപിക്കാത്തതാണ് ഉചിതമെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു," -അദ്ദേഹം പറഞ്ഞു.

ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന വ്യാപക അക്രമസംഭവങ്ങൾ സ്ഥിതിഗതികൾ വഷളാക്കിയതായും അദ്ദേഹം നിരീക്ഷിച്ചു. പോളിങ് ദിവസങ്ങളിൽ പലയിടത്തും സംഘർഷങ്ങൾ നടന്നു. വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടാവുകയും പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത്തരം സാഹചര്യം വോട്ടർമാരുടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തെ തടസ്സപ്പെടുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

294 അംഗങ്ങളുള്ള ബംഗാൾ നിയമസഭയിൽ ഭൂരിപക്ഷത്തിന് 148 സീറ്റുകളാണ് വേണ്ടത്. ഇതുവരെ പുറത്തുവന്ന മറ്റ് ആറ് പ്രധാന എക്സിറ്റ് പോളുകളിൽ നാലെണ്ണം ബി.ജെ.പിക്കും രണ്ടെണ്ണം മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനും മുൻതൂക്കം പ്രവചിക്കുന്നുണ്ട്.

Tags:    
News Summary - Axis My India explains why it did not release the exit poll results in West Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.