ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത. ആദ്യ റിസർവേഷൻ ചാർട്ട് തയാറാക്കുന്ന സമയത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് തന്നെ ആദ്യ ചാർട്ട് തയാറാകും. ഇതുവഴി യാത്രകൾ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ സഹായിക്കുമെന്ന് റെയിൽവേ അറിയിച്ചു. നേരത്തെ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പാണ് ആദ്യ റിസർവേഷൻ ചാർട്ട് തയാറാക്കിയിരുന്നത്.
ഈ പരിഷ്‌കരണത്തിലൂടെ റിസർവേഷൻ സ്റ്റാറ്റസിനെക്കുറിച്ചുള്ള മുൻകൂട്ടി വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാകുകയും അവസാന നിമിഷ ആശയക്കുഴപ്പം ഒഴിവാക്കാനും സാധിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എല്ലാ സോണൽ ഡിവിഷനുകൾക്കും നൽകിയിട്ടുണ്ട്.
അതേസമയം, റിസർവേഷൻ കൗണ്ടറുകളിൽ നിന്ന് നേരിട്ട് ബുക്ക് ചെയ്യുന്ന തത്‌കാൽ ടിക്കറ്റുകളിൽ ആധാർ അധിഷ്ഠിത ഒ.ടി.പി സംവിധാനം ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണെന്നും റെയിൽവേ അറിയിച്ചു. ഡിസംബർ നാല് വരെ 211 ട്രെയിനുകളിലാണ് ഈ സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. ഇതുൾപ്പെടെയുള്ള പരിഷ്‌കരണങ്ങൾ നിലവിൽ വന്നതോടെ 96 ജനപ്രിയ ട്രെയിനുകളിൽ തത്‌കാൽ ടിക്കറ്റുകളുടെ ലഭ്യതയിൽ 95 ശതമാനം വർധന രേഖപ്പെടുത്തിയതായും റെയിൽവേ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.