സ്വാതിയെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അയച്ചത് ബി.ജെ.പി; ലക്ഷ്യം കെജ്രിവാൾ -മറുപടിയുമായി അതിഷി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ മർദിച്ചെന്ന സ്വാതി മലിവാളിന്റെ ആരോപണം തള്ളി പാർട്ടി.  കെജ്രിവാളിന്റെ വീട്ടിൽ സുരക്ഷ ഉദ്യോഗസ്ഥനുമായി സ്വാതി തർക്കിക്കുന്ന ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ചാണ് എ.എ.പി ആരോപണങ്ങൾക്ക് മറുപടി നൽകിയത്. ഹിന്ദി വാർത്ത ചാനലിന്റെ ദൃശ്യങ്ങളാണ് എ.എ.പിയുടെ ഔദ്യോഗിക അക്കൗണ്ടിൽ പങ്കുവെച്ചത്. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

അതോടൊപ്പം സംഭവത്തിൽ വിശദീകരണവുമായി എ.എ.പി നേതാവും മന്ത്രിയുമായ അതിഷി വാർത്ത ​സമ്മേളനം വിളിച്ചു. സ്വാതിയെ കെജ്രിവാളിന്റെ വീട്ടിലേക്ക് അയച്ചത് ബി.ജെ.പിയാണെന്നും ലക്ഷ്യം മുഖ്യമന്ത്രിയായിരുന്നുവെന്നും അതിഷി ആരോപിച്ചു. പുറത്ത് വരുന്നത് ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്നും പുറത്തുവന്ന ദൃശ്യങ്ങളിൽ സ്വാതി സമാധാനത്തോടെ ഇരിക്കുകയാണെന്നും അതിഷി ചൂണ്ടിക്കാട്ടി.

പൊതുതെരഞ്ഞെടുപ്പിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ അടവാണിത്. കെജ്‍രിവാളിന് ജാമ്യം കിട്ടിയതു മുതൽ ബി.ജെ.പി അസ്വസ്ഥരാണ്. അതിനാൽ പാർട്ടിയിലുള്ളവരെ കൂട്ടുപിടിച്ച് ബി.ജെ.പി ഒരുക്കിയ ഗൂഢാലോചനയാണിത്. ബി.ജെ.പിയാണ് മേയ് 13ന് രാവിലെ സ്വാതിയെ കെജ്രിവാളിന്റെ വീട്ടിലേക്ക് അയച്ചത്. മുഖ്യമന്ത്രിയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ അദ്ദേഹം ആ സമയത്ത് വീട്ടിലില്ലാത്തതിനാൽ രക്ഷപ്പെട്ടു. ആ തന്ത്രം പരാജയപ്പെട്ടുവെന്ന് കണ്ടപ്പോഴാണ് കെജ്രിവാളിന്റെ പി.എയെ കരുവാക്കിയതെന്നും അതിഷി പറഞ്ഞു.

ബൈഭവ് കുമാർ തന്നെ മർദിച്ചുവെന്നാണ് സ്വാതി പൊലീസിൽ പരാതി നൽകിയത്. എന്നാൽ കെജ്രിവാളിന്റെ വീട്ടിൽ നിന്ന് പുറത്തുവന്ന വിഡിയോയിൽ സ്വാതി സുരക്ഷ ഉദ്യോഗസ്ഥനുമായി തർക്കിക്കുന്നതാണ് കാണുന്നത്. കെജ്രിവാളിന്റെ വീടിന്റെ സ്വീകരണ മുറിയിലാണ് സ്വാതി ഇരിക്കുന്നത്. സുരക്ഷ ഉദ്യോഗസ്ഥരെയും​ ബൈഭവ് കുമാറിനെയും അവർ ഭീഷണിപ്പെടുത്തുന്നുമുണ്ട്. പുറത്തു വന്ന വിഡിയോയിൽ അവരുടെ വസ്ത്രത്തിലോ മുഖത്തോ ഒന്നും മർദനമേറ്റതിന്റെ യാതൊരു ലക്ഷണങ്ങളൊന്നും കാണാനില്ല താനും. മുൻകൂട്ടി അനുവാദം പോലും വാങ്ങാതെയാണ് സ്വാതി മുഖ്യമന്ത്രിയുടെ വീട്ടി​െലത്തിയത്. ബലമായാണ് വീട്ടി​ൽ പ്രവേശിച്ചത്. സ്വാതി ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും അതിഷി കുറ്റപ്പെടുത്തി.  

കെജ്രിവാളിന്റെ വീടിനുള്ളിൽ നിന്നുള്ള 52 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയാണ് പ്രചരിക്കുന്നത്. ഇതിൽ വീട്ടിനുള്ളിൽ വെച്ച് കെജ്രിവാളിന്റെ സുരക്ഷാ ഉദ്യോഗസ്ഥനോട് സ്വാതി തർക്കിക്കുന്നതായി കാണാം. താൻ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചിട്ടുണ്ടെന്നും പൊലീസ് എത്തുന്നതുവരെ കാത്തിരിക്കുമെന്നും സ്വാതി പറയുന്നതും വിഡിയോയിൽ കേൾക്കാം. ഞാനിത് എല്ലാവരോടും പറയും. ഞാൻ നിങ്ങളുടെ ഡി.സി.പിയോട് സംസാരിക്കട്ടെ''-എന്നും സ്വാതി വിഡിയോയിൽ പറയുന്നുണ്ട്. തന്റെ ദേഹത്തുതൊട്ടാൽ ജോലിയിൽനിന്ന് പുറത്താക്കുമെന്നും സ്വാതി സുരക്ഷാ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നതും കേൾക്കാം.

മുഖ്യമന്ത്രിയുടെ വീട്ടിൽ വെച്ചാണ് ബൈഭവ് കുമാർ മർദിച്ചതെന്നാണ് സ്വാതിയുടെ ആരോപണം. ഇതിൽ അന്വേഷണം നടക്കുകയാണ്. സംഭവത്തിൽ കെജ്രിവാളിന്റെ വസതിയിൽ ഡൽഹി പൊലീസും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തിയിരുന്നു.

അതിനിടെ, ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ രാഷ്ട്രീയ വാടകക്കൊലയാളി സ്വയരക്ഷക്ക് ശ്രമം തുടങ്ങിയെന്ന് സ്വാതിയും എക്സിൽ കുറിച്ചു. എല്ലാത്തവണത്തെയും പോലെ ഇപ്പോഴും ഈ രാഷ്ട്രീയ വാടകക്കൊലയാളി സ്വയം രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഒരു കാര്യവുമില്ലാത്ത വിഡിയോകൾ സ്വന്തം ആളുകളെക്കൊണ്ട് എക്സിൽ പോസ്റ്റ് ചെയ്യിച്ചും ഷെയർ ചെയ്യിച്ചും ചെയ്ത തെറ്റിൽനിന്ന് രക്ഷപ്പെടാമെന്നാണ് അയാൾ കരുതുന്നത്. കെജ്രിവാളിന്റെ വീട്ടിലെയും മുറിയിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ അധികം വൈകാതെ എല്ലാവർക്കും സത്യം ബോധ്യമാകും. -എന്നും സ്വാതി കുറിച്ചു.

Tags:    
News Summary - Atishi rubbishes allegations made by Swati Maliwal and labelled her as BJP's 'agent'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.