'ഞാൻ ഹെലികോപ്റ്ററിൽ പറന്നല്ല സ്ഥിതി വിലയിരുത്തിയത്'; മോദിക്കിട്ട് 'കുത്തി' ഉദ്ധവ്

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച കൊങ്കൺ മേഖലയിൽ സന്ദർശനം നടത്താൻ വൈകിയെന്ന ബി.ജെ.പിയുടെ വിമർശനത്തോട് രൂക്ഷമായി പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. താൻ ഹെലികോപ്റ്ററിൽ പറന്ന് ആകാശക്കാഴ്ച കണ്ടല്ല സ്ഥിതി വിലയിരുത്തുന്നതെന്നും, നേരിട്ട് വന്നാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ഗുജറാത്തിൽ കാറ്റ് നാശംവിതച്ച മേഖലകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്ററിൽ സന്ദർശിച്ചിരുന്നു. ഇത് പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് ഉദ്ധവിന്റെ പ്രസ്താവന.

കാറ്റ് കനത്ത നാശം വിതച്ച രത്നഗിരി, സിന്ധുദുർഗ് ജില്ലകൾ വെള്ളിയാഴ്ചയാണ് ഉദ്ധവ് താക്കറെ സന്ദർശിച്ചത്. കൃഷിനാശം കണക്കാക്കി രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

എന്നാൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷമായ ബി.ജെ.പി രംഗത്തെത്തുകയായിരുന്നു. വെറും മൂന്ന് മണിക്കൂർ മാത്രമാണ് മുഖ്യമന്ത്രി സന്ദർശനത്തിന് ചെലവിട്ടതെന്നും, രൂക്ഷമായ നാശനഷ്ടങ്ങൾ ഇത്ര കുറഞ്ഞ സമയം കൊണ്ട് എങ്ങനെ വിലയിരുത്താനാകുമെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ചോദിച്ചു.

ഇത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഉദ്ധവിന്റെ മറുപടി. 'ഫോട്ടോ സെഷന് വേണ്ടി ഹെലികോപ്റ്ററിൽ പറക്കുകയല്ല ഞാൻ ചെയ്തത്. ഞാൻ നിലത്തു നിന്നാണ് കാര്യങ്ങൾ ചെയ്തത്. പ്രതിപക്ഷത്തിന്റെ ഇത്തരം വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല' - ഉദ്ധവ് പറഞ്ഞു.

Tags:    
News Summary - At least I am taking stock on ground and not in helicopter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.