മരിച്ചുപോയ ഭർത്താവ് കോമയിലാണെന്ന് കരുതി 18 മാസത്തോളം മൃതദേഹത്തെ ശുശ്രൂഷിച്ച് ഭാര്യ

ലഖ്നോ: കോമയിലാണെന്ന് കരുതി മരിച്ചുപോയ ഭർത്താവിന്‍റെ മൃതദേഹത്തെ 18 മാസത്തോളം വീട്ടിൽ ശുശ്രൂഷിച്ച് ഭാര്യ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഭാര്യക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു.

2021 ഏപ്രിൽ 22ന് പെട്ടന്നുണ്ടായ കാർഡിയാക് റെസ്പിറേറ്ററി സിൻഡ്രോം മൂലമാണ് ആദായനികുതി വകുപ്പ് ജീവനക്കാരനായ ദീക്ഷിത് മരിച്ചത്. ഭർത്താവ് കോമയിൽ നിന്നും കരകയറാൻ ഭാര്യ ദിവസവും അദ്ദേഹത്തിന്‍റെ ശരീരത്തിൽ ഗംഗാജലം തളിക്കുമായിരുന്നു.

ഒരു സ്വകാര്യ ആശുപത്രി ഇദ്ദേഹത്തിന്‍റെ മരണ സർട്ടിഫിക്കറ്റ് ബന്ധുക്കൾക്ക് നൽകിയിരുന്നതായി പൊലീസ് അറിയിച്ചു. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചിട്ടും ബന്ധുക്കൾ ദീക്ഷിത് കോമയിലാണെന്നവകാശപ്പെട്ട് മൃതദേഹം അടക്കാൻ തയാറായില്ലെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അലോക് രഞ്ജൻ പറഞ്ഞു.

കുടുംബത്തിന്‍റെ പെൻഷൻ നടപടികൾ ഒരിഞ്ച് പോലും നീങ്ങുന്നില്ലെന്നും വിഷയം അന്വേഷിക്കണമെന്നും ആദായനികുതി ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പൊലീസുകാർക്കും മജിസ്‌ട്രേറ്റിനുമൊപ്പം ആരോഗ്യ ഉദ്യോഗസ്ഥരുടെ ഒരു സംഘം വെള്ളിയാഴ്ച ദീക്ഷിതിന്‍റെ വീട്ടിലെത്തി. എന്നാൽ ഭർത്താവ് ജീവനോടെയുണ്ടെന്നും കോമയിലാണെന്നും ഭാര്യ തർക്കിച്ച് കൊണ്ടേയിരുന്നെന്ന് പൊലീസ് പറഞ്ഞു.

പൊലീസിന്‍റെയും ആരോഗ്യ പ്രവർത്തകരുടെയും നിർബന്ധത്തെ തുടർന്ന് മൃതദേഹം ആ‍ശുപത്രിയിലേക്ക് മാറ്റാൻ കുടുംബം അനുവദിച്ചു. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദീക്ഷിത് കോമയിലാണെന്നാണ് അയൽവാസികളോടും ഇവർ പറഞ്ഞിരുന്നതെന്ന് പൊലീസ് കൂട്ടിച്ചേർത്തു. സംഭവം വിശദമായി അന്വേഷിക്കുമെന്ന് കാൺപൂർ പൊലീസ് അറിയിച്ചു.

Tags:    
News Summary - Assuming He's In "Coma", Family Keeps Man's Dead Body At Home For 18 Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.