ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിങ്ങിനെ സ്ഫോടനത്തിൽ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിച്ച ബൽവന്ത് സിങ് രജോനയുടെ ദയാഹരജിയിൽ മാർച്ച് 18നകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു. ഇത് അവസാന അവസരമാണെന്നും ഇനി തീരുമാനമെടുത്തില്ലെങ്കിൽ രജോനയുടെ ഹരജി തങ്ങൾ പരിഗണിക്കുമെന്നും ജസ്റ്റിസ് ബി.ആർ.ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് വ്യക്തമാക്കി.
ദയാഹരജിയിൽ തീരുമാനമെടുക്കുന്നത് വളരെ വൈകിയതിനാൽ വധശിക്ഷ ജീവപര്യന്തമാക്കണമെന്നപേക്ഷിച്ചാണ് ബൽവന്ത് സിങ് രജോന സുപ്രീംകോടതിയെ സമീപിച്ചത്. വിഷയം സങ്കീർണമാണെന്നും ദയാഹരജി പരിഗണനയിലാണെന്നും ആറാഴ്ച കൂടി സമയം അനുവദിക്കണമെന്നും തുഷാർ മേത്ത അഭ്യർഥിച്ചു. എന്നാൽ, രജോന 29 വർഷം ജയിലിൽ കഴിഞ്ഞെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. ദയാഹരജി രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പരിഗണനക്ക് സമർപ്പിക്കാൻ അവരുടെ സെക്രട്ടറിയോട് കഴിഞ്ഞവർഷം നവംബർ 25ന് ഹരജിയിൽ വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ, വിഷയത്തിലെ സങ്കീർണത കാരണം ഈ ഉത്തരവ് നടപ്പാക്കരുതെന്നും ഫയൽ രാഷ്ട്രപതിയുടെ മുന്നിലല്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലാണെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
1995 ആഗസ്റ്റ് 31ന് ചണ്ഡിഗഢിലെ സെക്രട്ടറിയേറ്റിൽ നടന്ന സ്ഫോടനത്തിലാണ് പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങും മറ്റ് 16 പേരും കൊല്ലപ്പെട്ടത്. 2007 ജൂലൈയിൽ പ്രത്യേക കോടതി രജോനക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷയിൽ ഇളവുവേണമെന്ന ഇദ്ദേഹത്തിന്റെ ഹരജി 2023 മേയ് മൂന്നിന് തള്ളിയ സുപ്രീംകോടതി, ദയാഹരജി ബന്ധപ്പെട്ടവർ കൈകാര്യംചെയ്യണമെന്നും നിർദേശിച്ചിരുന്നു. 28 വർഷവും എട്ടു മാസവും ജയിൽ ശിക്ഷ അനുഭവിച്ചെന്നും ഇതിൽ 17 വർഷം വധശിക്ഷക്ക് വിധിച്ച കുറ്റവാളിയെന്ന നിലയിലാണെന്നും പുതിയ ഹരജിയിൽ രജോന ബോധിപ്പിച്ചിട്ടുണ്ട്.
ദയാഹരജികളിൽ കാലതാമസം വരുത്തരുതെന്ന് മറ്റൊരു കേസിൽ 2023 ഏപ്രിലിൽ സുപ്രീംകോടതി സംസ്ഥാനങ്ങളോടും ബന്ധപ്പെട്ടവരോടും നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.