ട്രാക്ടർ ടയർ കഴുത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ കാട്ടാനയെ രക്ഷപ്പെടുത്തി
ഗോലാഘട്ട്: അസമിലെ ഗോലാഘട്ട് ജില്ലയിൽ കഴുത്തിൽ വലിയ ട്രാക്ടർ ടയർ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ കാട്ടാനയെ രക്ഷപ്പെടുത്തി. മൊറോങ്ങി മേഖലയിലാണ് ടയർ കഴുത്തിൽ കുടുങ്ങിയ നിലയിൽ ആനയെ കണ്ടെത്തിയത്.
ആനയെ കണ്ട വിവരം നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതോടെ വനംവകുപ്പ് സംഘം സ്ഥലത്തെത്തി. ആനയുടെ സമീപത്ത് എത്തുകയോ പ്രകോപിപ്പിക്കുകയോ ചെയ്യരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വലിയ ട്രാക്ടർ ടയറാണ് കാട്ടാനയുടെ കഴുത്തിലുണ്ടായിരുന്നത്. കഴുത്തിൽ ടയർ തൂങ്ങി കിടന്നതിനെ തുടർന്ന് ആനക്ക് സഞ്ചരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട് നേരിട്ടിരുന്നു.
ആനയെ കണ്ടെത്തിയതോടെ അസം വനംവകുപ്പ് അധികൃതർ അടിയന്തരമായി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. വിദഗ്ധരുടെ സഹായത്തോടെ ആനയെ നിയന്ത്രണത്തിലാക്കി കഴുത്തിൽ കുടുങ്ങിയ ടയർ നീക്കം ചെയ്തു.
രക്ഷാപ്രവർത്തനം നടത്തിയ വനം വകുപ്പ് അധികൃതരെ അസം പരിസ്ഥിതി വനം മന്ത്രി ജയന്ത മല്ല ബറുവ അഭിനന്ദിച്ചു. ആന വലിയ ടയറുമായി നടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ടയർ എങ്ങനെയാണ് ആനയുടെ കഴുത്തിൽ കുടുങ്ങിയതെന്ന കാര്യം വ്യക്തമല്ല. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ട്രാക്ടര്‍ ടയര്‍ ആന തുമ്പിക്കൈ ഉപയോഗിച്ച് എടുത്തതാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പിന്നീട് ടയര്‍ കഴുത്തിലേക്ക് വഴുതി വീണതാകാമെന്നും കരുതുന്നു. വനമേഖലയിൽ ഉപേക്ഷിച്ച ടയറാണ് ആനയുടെ കഴുത്തിൽ കുടുങ്ങിയതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.