കാർ ലോൺ വേരിഫിക്കേഷന് സഹായിച്ചില്ല; പിതാവിന് നേരെ തോക്ക് ചൂണ്ടി യുവതി, ​അന്വേഷണം

ഗാസിയാബാദ്: കാർ ​വായ്പാ എടുക്കുന്നതുമായി ബന്ധപ്പെട്ട വേരിഫിക്കേഷന് സഹായി​ച്ചില്ലെന്ന് പറഞ്ഞ് പിതാവിന് നേരെ തോക്ക് ചൂണ്ടി യുവതി. ഉത്തർപ്രദേശ് ഗാസിയാബാദിലെ സാഹിബാബാദ് മേഖലയിലാണ് സംഭവം. പിതാവ് ഹിതേഷ് തോമറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മകൾ 30കാരിയായ പ്രിയങ്കക്കും കൂടെയുണ്ടായിരുന്ന സുഹൃത്തിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

സെപ്തംബർ എട്ടിന് വൈകിട്ട് അഞ്ചോടെ പ്രിയങ്ക സുഹൃത്തിനൊപ്പം വൃന്ദാവൻ ഗാർഡൻ കോളനിയിലെ വീട്ടിലെത്തുകയായിരുന്നു. കാർ ലോൺ അപേക്ഷക്കായി പഴയ വിലാസം സ്ഥിരീകരിച്ചു നൽകണമെന്ന് യുവതി പിതാവിനോട് ആവശ്യപ്പെട്ടു. എന്നാൽ പിതാവ് വിസമ്മതിച്ചതോടെ വാക്കുതർക്കമുണ്ടായി. ഇടപെട്ട സഹോദര ഭാര്യയുമായും തർക്കമുണ്ടായി.

തുടർന്ന് സ്ഥലത്തുനിന്ന് പോയ യുവതി ഏകദേശം 25 മിനിറ്റിന് ശേഷം വീണ്ടും തിരിച്ചെത്തി വീടിന്റെ പ്രധാന ഗേറ്റ് തകർത്ത് അകത്ത് പ്രവേശിക്കുകയും പിതാവിനും സഹോദരഭാര്യക്കും നേരെ തോക്ക് ചൂണ്ടുകയുമായിരുന്നു. ഇതോടെ ഇരുവരും രക്ഷപ്പെടുന്നതിനായി മുകളിലെ നിലയിലേക്കോടി. പിതാവിന്റെ നെഞ്ചിന് നേരെയാണ് തോക്ക് ചൂണ്ടിയതെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രിയങ്കയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും അവർ ഒളിവിലാണെന്നും സാഹിബാബാദ് എ.സി.പി അമിത് സക്സേന പറഞ്ഞു. യുവതിയുടെ കൈവശമുണ്ടായിരുന്ന പിസ്റ്റളിന് ലൈസൻസുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags:    
News Summary - Woman Points Gun at Father Over Car Loan Dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.