രാഹുൽ ഗാന്ധി, സിദ്ധരാമയ്യ
തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് പരസ്യപ്രസ്താവന നടത്തരുത്; സിദ്ധരാമയ്യയോട് രാഹുൽ ഗാന്ധി
ബെംഗളൂരു: തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന തരത്തിൽ പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. ഡൽഹിയിൽ ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത്തരം പരസ്യപ്രസ്താവനകൾ കോൺഗ്രസ് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും മുതിർന്ന നേതാക്കളുടെ അനുഭവസമ്പത്ത് ഇപ്പോഴും പാർട്ടിക്ക് അത്യന്താപേക്ഷിതമാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഒന്നര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ കർണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങളും സംഘടനാ വിഷയങ്ങളും വിശദമായി ചർച്ചയായി.
2028-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് സിദ്ധരാമയ്യ അടുത്തിടെ പരസ്യമായി വ്യക്തമാക്കിയത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, തന്റെ പ്രായവും മാറിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയ രീതികളും പരിഗണിച്ചാണ് ഈ തീരുമാനമെടുത്തതെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂവെന്നും പൊതുരംഗത്ത് ജനകീയ വിഷയങ്ങൾ ഉന്നയിച്ച് സജീവമായി തുടരുമെന്നും സിദ്ധരാമയ്യ രാഹുലിനോട് വിശദീകരിച്ചു. എങ്കിലും പാർട്ടി താൽപ്പര്യങ്ങൾ കണക്കിലെടുത്ത് ഇത്തരം കാര്യങ്ങൾ പരസ്യമായി ചർച്ചയാക്കരുതെന്ന് ഹൈക്കമാൻഡ് നിർദ്ദേശിക്കുകയായിരുന്നു.
കൂടിക്കാഴ്ചയിൽ കർണാടകയിലെ മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട അതൃപ്തികളും സിദ്ധരാമയ്യ പങ്കുവെച്ചതായി വിവരമുണ്ട്. ശിവകുമാർ മന്ത്രിസഭയിലെ ഒഴിവുകളിലേക്കും എം.എൽ.സി നാമനിർദ്ദേശങ്ങളിലേക്കും തന്റെ വിശ്വസ്തരുടെ പേരുകൾ അദ്ദേഹം നിർദ്ദേശിച്ചു. കുറുബ സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. ഇതിനുപുറമെ, 2027-ലെ സെൻസസിൽ കേന്ദ്രസർക്കാർ ജാതി സെൻസസ് ഉൾപ്പെടുത്താൻ തീരുമാനിച്ച സാഹചര്യത്തിൽ കർണാടക പിന്നാക്ക വിഭാഗ കമ്മീഷന്റെ സാമൂഹിക-വിദ്യാഭ്യാസ സർവേ റിപ്പോർട്ട് നടപ്പിലാക്കുന്നതിനെക്കുറിച്ചും പിന്നാക്ക വിഭാഗ വിഷയങ്ങളിൽ പാർട്ടി സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും വിശദമായ കൂടിയാലോചന നടത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും സിദ്ധരാമയ്യ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.