പിയൂഷ് ഗോയൽ

പ്രാദേശിക കറൻസിയിൽ വ്യാപാരം നടത്തണം; ബ്രിക്‌സ് രാജ്യങ്ങളോട് പീയൂഷ് ഗോയൽ

ന്യൂഡൽഹി: ബ്രിക്‌സ് അംഗരാജ്യങ്ങൾക്കിടയിലെ വ്യാപാര നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. ബ്രിക്‌സ് ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിനായി ബ്രിക്‌സ് അംഗരാജ്യങ്ങൾ തങ്ങളുടെ പ്രാദേശിക കറൻസികളിൽ നേരിട്ട് വ്യാപാരം നടത്തണമെന്നും പേയ്‌മെന്റ് സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കണമെന്നും മന്ത്രി പിയൂഷ് ഗോയൽ നിർദ്ദേശിച്ചു.

അസംസ്‌കൃത വസ്തുക്കളും ധാതുക്കളും ഉൾപ്പെടെയുള്ളവക്കായി വിപണികൾ പരസ്പരം തുറന്നുനൽകാൻ രാജ്യങ്ങൾ തയ്യാറാകണമെന്ന് അദ്ദേഹം വ്യക്തമാക്കി. താരിഫുകളേക്കാൾ കസ്റ്റംസ് നടപടിക്രമങ്ങളും നോൺ-താരിഫ് നിയന്ത്രണങ്ങളുമാണ് നിലവിൽ വിപണിയിൽ ഉയർന്ന ഇറക്കുമതിച്ചെലവ് ഉണ്ടാക്കുന്നതെന്നും, അതിനാൽ ഇത്തരം നിയന്ത്രണങ്ങൾ ലഘൂകരിക്കേണ്ടത് ഉഭയകക്ഷി വ്യാപാരത്തിന് അത്യന്താപേക്ഷിതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രൊഫഷണലുകൾക്ക് അതിർത്തികൾ കടന്ന് എളുപ്പത്തിൽ ജോലി ചെയ്യാനും അവരുടെ പ്രൊഫഷണൽ യോഗ്യതകൾ പരസ്പരം അംഗീകരിക്കാനും സാധിക്കുന്ന രീതിയിൽ സേവന മേഖലകൾ വിപുലീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് വിസ അനുവദിക്കുന്നതിൽ ചില വിദേശ രാജ്യങ്ങൾ വരുത്തുന്ന കാലതാമസത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന നടത്തിയത്.

ഇതേ ചടങ്ങിൽ സംസാരിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ആഗോള സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ സുതാര്യമായ വ്യാപാര-നിക്ഷേപ രീതികൾ പിന്തുടരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ, വിതരണ ശൃംഖലകൾ കൂടുതൽ ശക്തമാക്കാനും പരസ്പര പൂരകങ്ങളായ വാണിജ്യ പങ്കാളിത്തങ്ങൾ കണ്ടെത്താനും ബിസിനസ് മേഖലകൾക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുകയാണ് രാജ്യങ്ങൾ ചെയ്യേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - BRICS Push For Local Currency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.