ദിസ്പുര്‍: സംഘര്‍ഷം നിലനില്‍ക്കുന്ന അസം-മിസോറം അതിര്‍ത്തി മേഖലയില്‍നിന്ന് പൊലീസിനെ പിന്‍വലിക്കാൻ ഇരു സർക്കാരുകളും തമ്മിൽ ധാരണയായി. സംഘർഷ മേഖലകളിൽ സുരക്ഷക്കായി കേന്ദ്ര അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മധ്യസ്ഥതയില്‍ ബുധനാഴ്ച ചേര്‍ന്ന ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെയും ഡി.ജി.പിമാരുടെയും ഉന്നതതല യോഗത്തിലാണ് തീരുമാനം.
രണ്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് തങ്ങളുടെ പൊലീസ് സേനകളെ പിന്‍വലിക്കാന്‍ ഇരുസംസ്ഥാനങ്ങളും സമ്മതിച്ചത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വിളിച്ചുചേർത്ത യോഗത്തിൽ അസം ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ, ഡി.ജി.പി ഭാസ്കർ ജ്യോതി മഹന്ത, മിസോറം ചീഫ് സെക്രട്ടറി ലാൽനുൻമാവിയ ചുവാൻഗോ, ഡി.ജി.പി എസ്.ബി.കെ സിങ് എന്നിവർ പങ്കെടുത്തു. സംഘര്‍ഷം നിലനിന്ന ദേശീയ പാത 306ല്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കാൻ ചർച്ചയിൽ തീരുമാനമായെന്ന് അസം ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ പറഞ്ഞു. ഒരു മുതിർന്ന സി.എ.പി.എഫ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും സേനയുടെ പ്രവർത്തനം. അതിര്‍ത്തി പ്രശ്‌നം സൗഹാര്‍ദപരമായി പരിഹരിക്കാന്‍ ഉഭയകക്ഷി ചർച്ച തുടരാന്‍ തീരുമാനമായതായും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ഇവിടെ സി.ആര്‍.പി.എഫിന്‍റെ അഞ്ച് കമ്പനി സൈനികരെ വിന്യസിച്ചിട്ടുണ്ട്. രണ്ടു കമ്പനി ഉദ്യോഗസ്ഥരെ കൂടി ഇവര്‍ക്കൊപ്പം കൂടുതലായി വിന്യസിക്കാനാണ് തീരുമാനം. ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് സേനകൾ തമ്മിൽ തിങ്കളാഴ്ച അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ് അസം പൊലീസ് ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നതതല ചർച്ച നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.