അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
ഗുവാഹതി: അസമിലെ വിദേശികൾക്കായുള്ള ട്രൈബ്യൂണൽ ഇന്ത്യൻ പൗരന്മാരല്ലെന്ന് വിധിച്ച അഞ്ചുപേർ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഉത്തരവ്. സംസ്ഥാനത്തെ കുടിയേറ്റ വിരുദ്ധ നിയമപ്രകാരമുള്ള (ഇമിട്രെന്റ്സ് എക്സ്പൽഷൻ ഫ്രം അസം നിയമം 1950) ആദ്യ നടപടിയാണിത്. എന്നാൽ, നാടുകടത്താൻ ഉത്തരവായ അഞ്ചുപേരെക്കുറിച്ച് ഒരു വിവരവുമില്ലെന്നും അവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇവർ 10 വർഷത്തോളമായി സ്ഥലത്തില്ലെന്നാണ് താമസസ്ഥലത്തെ ആളുകളും പറയുന്നത്.
രണ്ടു കുടുംബങ്ങളിൽനിന്നുള്ള നാലു സ്ത്രീകളും ഒരു പുരുഷനുമുൾപ്പെടുന്നതാണ് സംഘം. സോനിത്പുർ ജില്ലയിലെ ധോബോകത ഗ്രാമത്തിൽനിന്നുള്ളവരാണ്. അതിർത്തി പൊലീസാണ് ഇവർക്കെതിരായ കേസ് 2006ൽ സോനിത്പുരിലെ വിദേശികൾക്കായുള്ള ട്രൈബ്യൂണലിലേക്ക് കൈമാറിയതെന്ന് ഡെപ്യൂട്ടി കമീഷണർ ആനന്ദ കുമാർ ദാസ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സുരക്ഷക്കും പൊതുജനതാൽപര്യത്തിനും ‘വിദേശികളെന്ന് കണ്ടെത്തിയവരുടെ’ സാന്നിധ്യം പ്രശ്നമാണെന്ന് ഉത്തരവിലുണ്ട്.
ഉത്തരവ് കൈപ്പറ്റി 24 മണിക്കൂറിനകം ധുബ്രി, ശ്രീഭൂമി, ദക്ഷിണ സൽമാര-മങ്കചാർ റൂട്ടുവഴി രാജ്യംവിടണമെന്നാണ് ഉത്തരവിലുള്ളത്. ഈ പാത ബംഗ്ലാദേശിലേക്കുള്ളതാണ്. ഇത് സ്വമേധയാ ചെയ്തില്ലെങ്കിൽ അസമിൽനിന്ന് ഒഴിവാക്കാൻ സർക്കാർ നടപടിയുണ്ടാകുമെന്ന് ഉത്തരവ് തുടർന്നു.
1950 മുതൽ അനക്കമില്ലാതിരുന്ന നിയമത്തിന് ഈ വർഷം സെപ്റ്റംബറിലാണ് അസം സർക്കാർ പുതുജീവൻ നൽകിയത്. നിയമത്തിന്റെ നടപടിക്രമങ്ങൾക്ക് അംഗീകാരം നൽകുകയായിരുന്നു. നേരത്തേ കിഴക്കൻ പാകിസ്താനിൽനിന്നുള്ള അഭയാർഥി പ്രവാഹം നിയന്ത്രിക്കാൻ അസം സർക്കാറിന്റെ സമ്മർദപ്രകാരമാണ് കേന്ദ്രം നിയമമുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.