അസം വെള്ളപ്പൊക്കം
അസം: സംസ്ഥാനത്തെ വെള്ളപ്പൊക്ക ഭീഷണിക്ക് നേരിയ കുറവുണ്ടെങ്കിലും ആറ് ജില്ലകളിലായി ഏകദേശം 6 ലക്ഷത്തിലധികം പേർ ഇപ്പോഴും ദുരിതബാധിതരായി തുടരുകയാണ്. ഇന്നലെ നാല് പേർ കൂടി മരിച്ചതോടെ വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 66 ആയി. ശിവസാഗറിൽ മൂന്നുപേരും ചാരൈഡിയോയിൽ ഒരാളുമാണ് മരിച്ചത്.
വെള്ളിയാഴ്ച ഒമ്പത് ജില്ലകളിലായി ഏഴു ലക്ഷത്തിലധികം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. നിലവിൽ ചരൈദിയോ, ദിബ്രുഗഡ്, ഗോളാഘട്ട്, ജോർഹട്ട്, നഗാവ്, ശിവസാഗർ എന്നീ ആറ് ജില്ലകളിലായി 6,54,800 പേർ ഇപ്പോഴും ദുരിതബാധിതരായി തുടരുകയാണ്. വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച ജില്ല ശിവസാഗറാണ്. ഇവിടെ ഏകദേശം 2.9 ലക്ഷം പേരാണ് ദുരിതമനുഭവിക്കുന്നത്. ചരൈദിയോ ജില്ലയിൽ 1.9 ലക്ഷം പേരും ജോർഹട്ട് ജില്ലയിൽ 1.3 ലക്ഷത്തിലധികം പേരും ദുരിതബാധിതരാണ്.
വെള്ളപ്പൊക്കത്തെ തുടർന്ന് വീടൊഴിയേണ്ടി വന്ന 18,902 പേർക്കായി ആറ് ജില്ലകളിലായി 274 ദുരിതാശ്വാസ ക്യാമ്പുകളും സഹായ വിതരണ കേന്ദ്രങ്ങളും പ്രവർത്തിപ്പിച്ചുവരികയാണെന്ന് എ.എസ്.ഡി.എം.എ അറിയിച്ചു. സംസ്ഥാനത്ത് 810 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കൂടാതെ 34,970.8 ഹെക്ടർ കൃഷിയിടങ്ങൾ നശിച്ചിട്ടുണ്ട്. പ്രളയത്തിൽ നദീതീര സംരക്ഷണഭിത്തികൾ, റോഡുകൾ, പാലങ്ങൾ തുടങ്ങിയവയ്ക്കും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. ശിവസാഗറിലെ ദിഖൗ നദിയും നുമാലിഗഡിലെ ധൻസിരി നദിയും അപകടനിരപ്പിന് മുകളിലൂടെയാണ് ഒഴുകുന്നതെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.