ഗുവാഹതി: അദാനി ഗ്രൂപ്പിനു കീഴിലെ സിമന്റ് നിർമാണ കമ്പനിക്ക് വൻതോതിൽ ഭൂമി നൽകാനുള്ള അസം സർക്കാർ നടപടിയെ വിമർശിച്ച് ഹൈക്കോടതി. 3000 ബിഗ (ഏകദേശം 81 ദശലക്ഷം ചതുരശ്ര അടി) ഭൂമി അദാനിയുടെ ഉടമസ്ഥതയിലുള്ള സിമന്റ് നിർമാണ ഫാക്ടറിക്ക് നൽകുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണക്കിടെയാണ് ഹൈകോടതി ജഡ്ജി സർക്കാർ നടപടി കേട്ട് ഞെട്ടിയത്. വിചാരണക്കിടെ വിട്ടുനൽകിയ ഭൂമിയുടെ അളവ് സംബന്ധിച്ച് അഭിഭാഷകൻ ബോധിപ്പിച്ചപ്പോൾ കേൾക്കുന്നത് തമാശയാണോ എന്ന ചോദ്യവുമായി ‘ഒരു ജില്ല മുഴുവൻ സ്വകാര്യ കമ്പനിയുടെ നിർമാണത്തിന് നൽകിയോ എന്നായി ഹൈകോടതി ജഡ്ജിയുടെ പ്രതികരണം.
ഹിമന്ത ബിശ്വശർമയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിന്റെ അതിരുകടന്ന കോർപറേറ്റ് പ്രീണന നടപടിക്കെതിരെയുള്ള വിമർശനമായാണ് ഹൈകോടതി നിരീക്ഷണത്തെ വിലയിരുത്തുന്നത്.
ഹൈകോടതിയിൽ നിന്നുള്ള വിചാരണക്കിടയിലെ ജഡ്ജിയുടെ അവിശ്വസനീയമായ പ്രതികരണവും ചോദവ്യവും അടങ്ങിയ രംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു.
അസം ബി.ജെ.പി സർക്കാറിന്റെ വഴിവിട്ട ഭൂമി ഇടപാടുകൾ സംബന്ധിച്ച് വിവാദങ്ങൾ ശക്തമാകുന്നതിനിയെടാണ് ഹൈകോടതിയുടെ വിമർശനവും ഉയരുന്നത്. കൃഷി ഭൂമിയും, പിന്നാക്ക വിഭാഗക്കാരുടെ ഭൂമിയും ഉൾപ്പെടെ പിടിച്ചെടുത്ത് വികസനത്തിന്റെ മറവിൽ കോർപറേറ്റുകൾക്ക് ഇഷ്ടദാനം നിർവഹിക്കുന്നതായി പ്രതിപക്ഷ ആരോപണം ശക്തമാണ്.
കൊക്രജർ ജില്ലയിൽ 3600 ബിഗ (1200 ഏക്ര) ഭൂമി അദാനി ഗ്രൂപ്പിനു കീഴിലെ വൈദ്യുതി നിലയത്തിനായി നൽകാനുള്ള നീക്കം സംസ്ഥാനത്ത് വലിയ ജനകീയ പ്രക്ഷോഭത്തിന് വഴിവെച്ചിരിക്കുകയാണ്. പിന്നാക്ക ജാതിക്കാരുടെ ഭൂമിയാണ് ഇവിടെ സർക്കാർ അദാനി കമ്പനിക്കായി കൈമാറാൻ ഒരുങ്ങുന്നതെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.