കേരളത്തിനൊപ്പം അസമും പുതുച്ചേരിയും വിധിയെഴുതാൻ തെരഞ്ഞെടുപ്പ് ബൂത്തുകളിൽ

തിരുവനന്തപുരം/ഗുവാഹത്തി: കേരളത്തിനൊപ്പം അസമും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ഇന്ന് വിധിയെഴുതും. രണ്ട് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും ഭരണത്തുടർച്ചയും രാഷ്ട്രീയ മാറ്റവും നിശ്ചയിക്കുന്ന നിർണായക വിധിയെഴുത്തിൽ ഇന്ന് 5.3 കോടി വോട്ടർമാരാണ് ബൂത്തുകളിലെത്തുന്നത്. കേരളത്തിലെ 140 സീറ്റുകളിലും അസമിലെ 126 സീറ്റുകളിലും പുതുച്ചേരിയിലെ 30 സീറ്റുകളിലുമായി ആകെ 296 മണ്ഡലങ്ങളിലാണ് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ് വൈകീട്ട് ആറുവരെ വരെ തുടരും.

കേരളത്തിലെ 140 മണ്ഡലങ്ങളിലും വോട്ടിങ്ങിനായി ഒരുങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് മൂന്നാം ഊഴം തേടുമ്പോൾ യു.ഡി.എഫ് മുന്നണി അധികാരം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്. തങ്ങളുടെ സ്വാധീനം നിയമസഭയിൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയും രംഗത്തുണ്ട്. സംസ്ഥാനത്തെ 2.71 കോടി വോട്ടർമാരിൽ ഭൂരിപക്ഷവും സ്ത്രീകളാണ് എന്നത് കേരളത്തിൽ ഇത്തവണത്തെ പ്രത്യേകതയാണ്.

അസമിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ മൂന്നാം തവണയും അധികാരം നിലനിർത്താനുള്ള കഠിനമായ ശ്രമത്തിലാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലാണ് ബി.ജെ.പി പോരിനിറങ്ങുന്നത്. പത്തുവർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിക്കാൻ ഗൗരവ് ഗോഗോയിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നയിക്കുന്ന മഹാസഖ്യമാണ് എതിർപക്ഷത്ത്. എ.ഐ.യു.ഡി.എഫ്, റൈജോർ ദൾ തുടങ്ങിയ പ്രാദേശിക പാർട്ടികളും നിർണായക സ്വാധീനം ചെലുത്താൻ സാധ്യതയുള്ള അസമിൽ 2.5 കോടി വോട്ടർമാരാണുള്ളത്.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ എൻ.ഡി.എയും കോൺഗ്രസ്-ഡി.എം.കെ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. എന്നാൽ, തമിഴ് നടൻ വിജയ് രൂപവത്കരിച്ച തമിഴക വെട്രി കഴകം ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത് ഇത്തവണ പോരാട്ടത്തിന് പുതിയ ആവേശം നൽകുന്നുണ്ട്. 30 സീറ്റുകളിലായി 294 സ്ഥാനാർഥികളാണ് ഇവിടെ ജനവിധി തേടുന്നത്.

സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ വിപുലമായ സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭൂരിഭാഗം ബൂത്തുകളിലും തത്സമയ നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വോട്ട് രേഖപ്പെടുത്താൻ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി. പുതുച്ചേരി ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഡ്രോൺ നിരീക്ഷണം ഉൾപ്പെടെയുള്ള കർശന സുരക്ഷാ നടപടികളുണ്ട്.

പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം ഈ മൂന്ന് മേഖലകളിലെയും വോട്ടെണ്ണൽ മെയ് നാലിനാണ് നടക്കുക. അന്നറിയാം ഇന്ത്യയുടെ കിഴക്കും തെക്കും ആർക്കൊപ്പം നിൽക്കുമെന്ന്.

Tags:    
News Summary - Assam and Puducherry to the polling booths along with Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.