Keezhadi excavation

2017ൽ അവസാനിപ്പിച്ച കീഴടി ഉദ്ഖനന റിപ്പോർട്ട് സമർപ്പിക്കാൻ എ.എസ്.ഐ അനുമതി

ചെന്നൈ: തമിഴ്നാട്ടിലെ കീഴടിയിലെ ഉദ്ഖനനത്തിൽ പുതിയ വഴിത്തിരിവ്. സംഘകാലഘട്ടത്തിൽതന്നെ തമിഴ്നാട്ടിൽ നഗരവത്കൃത സമൂഹം നിലനിന്നതായി ഉദ്ഖനനം നടത്തി കണ്ടെത്തിയ പുരാവസ്തു ഗവേഷകൻ കെ. അമർനാഥ് രാമകൃഷ്ണ​നോട് റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ട ആർക്കിയോളജിക്കൽ സർവേ ഓഫ് ഇൻഡ്യ (എ.എസ്.ഐ) തുടർന്നെത്തിയ വിരമിച്ച പി.എസ്. ശ്രീരാമന് റിപ്പോർട്ട് സമർപ്പിക്കാൻ അനുമതി നൽകുകയായിരുന്നു. 2017ഓടെ എ.എസ്.ഐ ഇവിടെ ഉദ്ഖനനം  നിർത്തിയിരുന്നു. മൂന്നാം ഘട്ട ഉദ്ഖനനത്തിൽ ശ്രീരാമന് പുതുതായി ഒന്നും കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് എ.എസ്.ഐ ഇവിടെ ഉദ്ഖനനം നിർത്തിയത്.

രാഷ്ട്രീയ താൽപര്യമാണ് എ.എസ്.ഐക്ക് ഉള്ളതെന്നാണ് ചരിത്രകാരൻമാരുടെയും ഗവേഷകരുടെയും വിമർശനം. 2017ൽതന്നെ പുതുതായി ഒന്നുമില്ലെന്ന് ശ്രീരാമൻ കണ്ടെത്തിയിരുന്നതാണ്. അതേസമയം, തമിഴ്നാട് സംസ്ഥാന ഗവൺമെന്റ് സ്വന്തം നിലയിൽ അവിടെ ഉദ്ഖനനം തുടങ്ങി. ഇപ്പോൾ ഇതിന്റെ പത്താം ഘട്ടം നടക്കുകയാണ്. ഇതിനിടെ 2017ൽ നിർത്തിയ ഗവേഷണ റിപ്പോർട്ട് ഇപ്പോൾ തേടുന്നത് ചരിത്രത്തെ വളച്ചൊടിക്കാനാണെന്നാണ് വിമർശനം.

2014 മുതൽ 2016 വരെയുള്ള ആദ്യ രണ്ട് ഘട്ടങ്ങൾക്ക് നേതൃത്വം നൽകിയത് അമർനാഥ് രാമകൃഷ്ണനാണ്. അദ്ദേഹം 982 പേജുള്ള റിപ്പോർട്ട് സമർപ്പിച്ച ശേഷം എ.എസ്.ഐ അദ്ദേഹത്തോട് തിരുത്താൻ ആവശ്യപ്പെടുകയായിരുന്നു. ബി.സി.ഇ എട്ടാം നൂറ്റാണ്ട് മുതൽ സി.ഇ മൂന്നാം നൂറ്റാണ്ടു വരെയാണ് അദ്ദേഹം കണ്ടെത്തിയ കാലഘട്ടം. ഇത് തിരുത്തിയെഴുതണമെന്നായിരുന്നു എ.എസ്.ഐ ആവശ്യപ്പെട്ടത്.

തന്റെ റിപ്പോർട് തിരുത്താൻ രാമകൃഷ്ണൻ തയാറായിരുന്നില്ല. ഇതേതുടർന്ന് ഇദ്ദേഹത്തെ 2017ൽ അസമിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടർന്ന് ഇവിടേക്ക് വന്നതാണ് ശ്രീരാമൻ. 

Tags:    
News Summary - ASI Approves Submission Of Keezhadi Investigation Report Which Was Completed In 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.