വോട്ട് ഭിന്നിപ്പിക്കാനുള്ള സ്ഥാനാർഥികളുടെ ചെലവ് ബി.ജെ.പി വഹിക്കുമെന്നത് അങ്ങാടിപ്പാട്ടായ ബിഹാറിൽ ഭാരിച്ച ചെലവ് സംബന്ധിച്ച ആശങ്കയും ഉവൈസിക്കില്ല. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിലാണ് മഹാസഖ്യത്തിന് കഴിഞ്ഞതവണ കപ്പിനും ചുണ്ടിനും ഇടയിൽ കിരീടം നഷ്ടമായത്.
ആദ്യഘട്ടത്തിൽ എൻ.ഡി.എയേക്കാൾ സീറ്റ് പേരിനെങ്കിലും കൂടുതൽ നേടിയത് മഹാസഖ്യം ആയിരുന്നുവെങ്കിൽ രണ്ടാംഘട്ട മണ്ഡലങ്ങളിലെ മുൻതൂക്കം കൊണ്ട് എൻ.ഡി.എ അതിനെ മറികടന്നു. അസദുദ്ദീൻ ഉവൈസിയുടെ അഖിലേന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ സീമാഞ്ചൽ മേഖലയിൽ പിടിച്ച വോട്ടുകൾ അതിൽ ഒരു ഘടകം കൂടിയായിരുന്നു.
അതിനാൽ ഇത്തവണ ബിഹാർ ഭരണം പിടിക്കാൻ രണ്ടാംഘട്ട വോട്ടെടുപ്പിൽ കൂടുതൽ സീറ്റുകൾ പിടിക്കണമെന്ന ദൃഢനിശ്ചയത്തിൽ ആയിരുന്നു മഹാസഖ്യം. എന്നാൽ, അഖിലേന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീനൊപ്പം ജൻ സുരാജ് പാർട്ടി കൂടി ചേർന്ന് ന്യൂനപക്ഷ കേന്ദ്രീകൃത മണ്ഡലങ്ങളിൽ മത്സരം ഇക്കുറി പലയിടങ്ങളിലും ബഹുകോണമാക്കി.
അന്ന് മഹാസഖ്യത്തിന് ഭരണം ലഭിക്കുന്നതിന് പ്രതിബന്ധം തീർത്തത് ഉവൈസി മാത്രമായിരുന്നുവെങ്കിൽ ഇക്കുറി പ്രശാന്തും കൂടി ചേർന്ന് കറുത്ത കുതിരകൾ രണ്ടായി മാറിയിരിക്കുകയാണ്.
തന്റെ പാർട്ടിക്കായി മഹാസഖ്യത്തിന്റെ വോട്ട് പിളർത്താനാണ് ഉവൈസി ആഗ്രഹിക്കുന്നത് എന്നതിനാൽ ആക്രമണത്തിന്റെ മുനയെല്ലാം തേജസ്വി യാദവിനും മഹാസഖ്യത്തിനും നേരെയാണ്. ബി.ജെ.പിയുടെ ബി ടീം എന്ന പ്രചാരണം മതിയെന്ന് ആശ്വസിച്ചിരിക്കുകയാണ് മഹാസഖ്യം.
ഓപറേഷൻ സിന്ദൂർ വേളയിൽ അന്തർദേശീയ തലത്തിൽ നരേന്ദ്ര മോദി സർക്കാർ ഒറ്റപ്പെട്ടുപോയപ്പോൾ അതിനെ മറികടക്കാനായി അയച്ച എം.പിമാരിൽ പ്രമുഖനായിരുന്നു ഉവൈസി. പാകിസ്താനെതിരെ ശക്തമായ പ്രചാരണം നടത്തി തന്റെ റോൾ ഭംഗിയായി ഉവൈസി നിർവഹിക്കുകയും ചെയ്തു.
അന്ന് സമൂഹ മാധ്യമങ്ങളിൽ ഉവൈസിയുടെ അനുയായികൾതന്നെ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരുന്നു. എന്നാൽ, ബിഹാറിൽ പ്രചാരണം മുറുകിയതോടെ അതെല്ലാം മറന്ന് അനുയായികൾ മുസ്‍ലിം പ്രാതിനിധ്യത്തിന്റെ ഉവൈസിയുടെ ഭാഷ്യത്തിന് വലിയ പ്രചാരണമാണ് നൽകുന്നത്.
മത്സ്യത്തൊഴിലാളി സമുദായത്തെ പ്രതിനിധാനംചെയ്യുന്ന വികാസ് ശീൽ ഇൻസാൻ പാർട്ടിയുടെ മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയാണ് ഈ പ്രചാരണം. മുകേഷിനെ ഉപ മന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചത് ബി.ജെ.പിയിലേക്ക് ചേരുമായിരുന്ന കീഴ് ജാതി വോട്ടുകൾ മഹാസഖ്യത്തിലേക്ക് തിരിച്ചുപിടിക്കാനാണെന്ന് ഏവരെക്കാളും നന്നായറിയുക ഉവൈസിക്കാണ്.
അതിനാൽ ഉവൈസിയുടെ കെണി മനസ്സിലാക്കി ഇതിന് തേജസ്വി മറുപടി നൽകിയത് എല്ലാ വിഭാഗങ്ങൾക്കും ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകുമെന്ന് പറഞ്ഞായിരുന്നു. അത് പോരെന്നും മുസ്‍ലിം ഉപമുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ തേജസ്വി ധൈര്യം കാണിക്കണമെന്നും ആവശ്യപ്പെടുകയാണ് ഉവൈസി. ഈ ഒരു പ്രഖ്യാപനം തേജസ്വി നടത്തി ക്കിട്ടണമെന്ന് ആഗ്രഹിക്കുന്നത് ഉവൈസിയേക്കാൾ ബി.ജെ.പി എന്നതാണ് വാസ്തവം.
അത്തരമൊരു പ്രഖ്യാപനം നടത്തുന്നതോടെ തെരഞ്ഞെടുപ്പ് വീണ്ടും ഹിന്ദു-മുസ്‍ലിം ആയി മാറി കാര്യങ്ങൾ തങ്ങൾക്ക് എളുപ്പമാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. ആ കെണിയിൽ തൽക്കാലം വീഴില്ല എന്നുതന്നെയാണ് മഹാസഖ്യത്തിന്റെ തീരുമാനം.
തേജസ്വിയെ ആക്രമിക്കാൻ മുൻകൂട്ടി തീരുമാനിച്ചിരുന്ന ഉവൈസി ഒരിക്കലും നടക്കാൻ സാധ്യമല്ലാത്ത എം.ഐ.എം- ആർ.ജെ.ഡി സഖ്യം എന്ന പ്രചാരണവുമായി ആദ്യമേ രംഗത്തുവന്നിരുന്നു. തേജസ്വിക്കുമുന്നിൽ താൻ വെച്ച നിർദേശം തള്ളിക്കളയുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇത്.
ഒരു എം.ഐ.എമ്മിനുവേണ്ടി കോൺഗ്രസിനെയും മൂന്ന് ഇടതുപക്ഷ പാർട്ടികളെയും മാറ്റിനിർത്തുക എന്ന വിഡ്ഢിത്തം തേജസ്വി ചെയ്യില്ലെന്ന് അദ്ദേഹത്തിന് തന്നെ ഉറപ്പായിരുന്നു. പ്രതിപക്ഷ വോട്ട് ഭിന്നിപ്പിക്കാനുള്ള സ്ഥാനാർഥികളുടെ ചെലവ് ബി.ജെ.പി വഹിക്കുമെന്നത് അങ്ങാടിപ്പാട്ടായ ബിഹാറിൽ ഭാരിച്ച സാമ്പത്തിക ചെലവ് സംബന്ധിച്ച ആശങ്കയും ഉവൈസിക്കില്ല.
അതുകൊണ്ടാണ് ഉവൈസിയുടെ ചിഹ്നം ലഭിക്കാൻ പോലും സ്ഥാനാർഥികൾ കോടികൾ എറിയാൻ തയാറാകുന്നത്. കട്ടിഹാറിൽ അഞ്ചും കിഷൻഗഞ്ചിലും പുർണിയയിലും നാലും അററിയയിൽ രണ്ടും സ്ഥാനാർഥികൾ ഉവൈസിയുടെ ‘പട്ടം’ ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ എം.ഐ.എം വിജയിച്ച കിഷൻഗഞ്ചിലും ഠാക്കൂർഗഞ്ചിലും ഇത്തവണ പിടിവിട്ടെങ്കിലും ഫലത്തെ അട്ടിമറിക്കാനാകും.
കൊച്ചാദാമിലാണ് പ്രവചനാതീതമായ ത്രികോണ മത്സരം. ആർ.ജെ.ഡിയുടെ മുജാഹിദ് ആലവും എം.ഐ.എമ്മിന്റെ സർവർ ആലവും തമ്മിലുള്ള മത്സരത്തിലേക്കാണ് ജൻസുരാജ് പാർട്ടി കൂടി ഇവിടെ വന്നുചേർന്നത്.
പച്മർഹി (മധ്യപ്രദേശ്): വോട്ടർ പട്ടിക പരിഷ്‍കരിക്കുന്നത് (എസ്.ഐ.ആർ) വോട്ടുമോഷണം മറച്ചുവെക്കാനും സ്ഥാപനവത്കരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയെപ്പോലെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലും വോട്ടുമോഷണം നടന്നിട്ടുണ്ടെന്ന് രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജില്ല കോൺഗ്രസ് പ്രസിഡന്റുമാരുടെ പരിശീലന ക്യാമ്പിൽ പങ്കെടുക്കാനാണ് നർമദാപുരത്തെ പച്മർഹിയിൽ രാഹുലെത്തിയത്. വോട്ടു മോഷണത്തിന്റെ കൂടുതൽ തെളിവുകൾ പിന്നീട് പുറത്തുവിടുമെന്ന് രാഹുൽ പറഞ്ഞു. വ്യത്യസ്തമായ, വിശദമായ വിവരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യവും അംബേദ്കറുടെ ഭരണഘടനയും ആക്രമിക്കപ്പെടുകയാണ്. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറും സംയുക്തമായാണ് വോട്ടുമോഷണം നടത്തുന്നത്. ഇതുകാരണം ഭാരതമാതാവിന് ദോഷം സംഭവിക്കുന്നുവെന്നും രാഹുൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.