ന്യൂഡൽഹി: ഡൽഹിയിലെ ഹരിനഗറിൽ വെച്ച് തന്റെ കാർ ആക്രമിക്കപ്പെട്ടുവെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എക്സിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. ഡൽഹി പൊലീസ് അക്രമികൾക്ക് സഹായം നൽകുകയാണ് ഉണ്ടായതെന്നും കെജ്രിവാൾ പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഡൽഹിയിലെ പൊലീസ് ബി.ജെ.പിയുടെ വ്യക്തിഗതസേനയായി മാറിയെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഇന്ന് ഡൽഹി പൊലീസ് എതിർസ്ഥാനാർഥിയെ തന്റെ പൊതുയോഗം നടക്കുന്ന സ്ഥലത്തേക്ക് വരാൻ അനുവദിച്ചുവെന്ന് കെജ്രിവാൾ ആരോപിച്ചു.
എതിർ സ്ഥാനാർഥിയെത്തി തന്റെ കാർ ആക്രമിക്കുകയായിരുന്നു. അമിത് ഷായുടെ ഉത്തരവ് പ്രകാരമാണ് ഇതെല്ലാം നടന്നത്. അമിത് ഷാ ഡൽഹി പൊലീസിനെ ബി.ജെ.പിയുടെ സൈന്യമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് കമീഷനേയും കെജ്രിവാൾ വിമർശിച്ചു. ഇത്തരം ആക്രമണങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ കമീഷൻ പരാജയപ്പെട്ടുവെന്ന് കെജ്രിവാൾ പറഞ്ഞു.
ഈ ആക്രമണത്തിൽ പ്രധാന ചോദ്യം ഉയരേണ്ടത് തെരഞ്ഞെടുപ്പ് കമീഷനെതിരെയാണ്. ഒരു ദേശീയ പാർട്ടിയുടെ പ്രസിഡന്റും നേതാക്കളും തുടർച്ചയായി ആക്രമിക്കപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമീഷൻ എന്തിനാണ് മൗനം തുടരുന്നതെന്നും കെജ്രിവാൾ ചോദിച്ചു. ഒരു നടപടിയും ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.