ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറിനെതിരെ ആഞ്ഞടിച്ച് എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. വിരമിച്ച ശേഷം ലഭിക്കുന്ന പദവി സ്വപ്നം കണ്ട് രാജീവ് കുമാർ ബി.ജെ.പിക്ക് കീഴടങ്ങിയിരിക്കുകയാണെന്നായിരുന്നു വിമർശനം. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു കെജ്രിവാളിന്റെ വിമർശനം. സ്ഥാനത്തോടുള്ള ആഗ്രഹം മാറ്റിവെച്ച് തെരഞ്ഞെടുപ്പ് കമീഷണർ അദ്ദേഹത്തിന്റെ ജോലി ചെയ്യണമെന്നും ഡൽഹി മുൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
''ഈ മാസാവസാനം രാജീവ് കുമാർ വിരമിക്കുകയാണ്. വിരമിച്ചതിനു ശേഷം അദ്ദേഹത്തിന് വാഗ്ദാനം നൽകിയിരിക്കുന്ന പോസ്റ്റ് ഏതാണ്. ഗവർണറുടെതാണോ അതോ പ്രസിഡന്റിന്റേതാണോ? ബി.ജെ.പിക്ക് മുന്നിൽ സമ്പൂർണമായി കീഴടങ്ങിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷണർ. തെരഞ്ഞെടുപ്പ് കമീഷൻ ഉണ്ടെന്നു പോലും ആളുകൾക്ക് മനസിലാകുന്നില്ല.''-കെജ്രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജീവ് കുമാറിനോട് വിനീതമായി അഭ്യർഥിക്കുകയാണ്. ഒരു പദവിയും ആഗ്രഹിക്കാതെ നിങ്ങൾ നിങ്ങളുടെ ജോലി ഭംഗിയായി നിർവഹിക്കണം. നിങ്ങളുടെ കരിയറിന്റെ അവസാനമായിരിക്കുകയാണ്. രാജ്യത്തെയും രാജ്യത്തിലെ ജനാധിപത്യത്തെയും തകർക്കരുതെന്ന് വനീതമായി അപേക്ഷിക്കുകയാണ്.-കെജ്രിവാൾ ആവശ്യപ്പെട്ടു.
തന്റെ എതിരാളിയായി മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി പർവേശ് വർമ പണം വാരിയെറിഞ്ഞ് വോട്ടർമാരെ സ്വാധീനിക്കുകയാണെന്നും ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഒരുനടപടിയും സ്വീകരിക്കാതെ നിർജീവമായി നിലകൊള്ളുകയാണെന്നും കെജ്രിവാൾ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.