ചൈന നിർമിക്കുന്നത് ഇന്ത്യക്കുമേലുള്ള 'ജല ബോംബ്'; ചൈനയുടെ ലോകത്തിലെ ഏറ്റവും വലിയ ഡാം പ്രോജക്ടിനെതിരെ മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി

ഇറ്റാനഗർ: അരുണാചൽപ്രദേശ് അതിർത്തിയിൽ ചൈന നിർമിക്കാൻ പോകുന്ന ലോകത്തിലെ ഏറ്റവും വലിയ ഡാമിനെതിരെ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പേമ ഖണ്ഡു. സുരക്ഷാ ഭീഷണി എന്നതിനപ്പുറം ഇന്ത്യക്കു മേലുയർന്നുവരുന്ന വലിയൊരു ജല ബോംബാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു.

ടിബറ്റിലെ യാർലുങ് സാങ്പോ എന്നറിയപ്പെടുന്ന ബ്രഹ്മപുത്രയിലാണ് ചൈന ഭീമൻ ഡാം നിർമിക്കുന്നത്. "അന്താരാഷ്ട്രജല ഉടമ്പടിയിൽ ഇന്ത്യ ഒപ്പുവെച്ചിട്ടില്ല എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ചൈനയെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. അവരെന്താണു ചെയ്യാൻ പോകുന്നതെന്ന് ആർക്കും അറിയില്ല." പേമ പറഞ്ഞു. ചൈനയുടെ നീക്കം ഇവിടുത്തെ ജനങ്ങൾക്കും അവരുടെ ഉപജീവനമാർഗങ്ങൾക്കും തടസ്സം സൃഷ്ടിക്കും. ചൈനക്ക് ഈ ഡാമിനെ വാട്ടർ ബോംബായി പോലും ഉപയോഗിക്കാമെന്നാണ് അദ്ദേഹത്തിന്‍റെ മുന്നറിയിപ്പ്.

2021ലാണ് ഡാം നിർമാണം പ്രഖ്യാപിക്കുന്നത്.2024ൽ 137 ബില്യൺ യു.എസ് ഡോളറിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്ക് ചൈന അംഗീകാരം നൽകി. 60000 മെഗാവാട്ട് വൈദ്യുതിയാണ് ഇതു വഴി ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്. ചൈന അന്താരാഷ്ട്ര ജല ഉടമ്പടിയിൽ ഒപ്പുവെച്ചിരുന്നെങ്കിൽ ഇത്രത്തോളം ഭയക്കേണ്ടി വരുമായിരുന്നില്ല. അങ്ങനെയെങ്കിൽ ജല ജീവ ജാലങ്ങളുടെ നിലനിൽപ്പിന് ഒരു നിശ്ചിത അളവ് ജലം ചൈന ഇന്ത്യയിലേക്ക് ഒഴുക്കണമെന്ന നിബന്ധന വന്നേനെയെന്നും മാത്രമല്ല ബ്രഹ്മ പുത്ര ഒഴുകുന്ന  അരുണാചൽ പ്രദേശ്, അസ്സം, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ വേനൽക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം ഒഴിവാക്കാനായേനെയെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ചൈന കരാറിൽ ഒപ്പു വെച്ചിട്ടില്ല എന്നതാണ് ഗുരുതര പ്രശ്നം. ഡാം നിർമിച്ച ശേഷം അവർ വെള്ളം പെട്ടെന്നു തുറന്നു വിട്ടാൽ സിയാങ് ബെൽറ്റ് മുഴുവൻ ഇല്ലാതായേക്കും. അവിടെ വസിക്കുന്ന ഗോത്ര വിഭാഗങ്ങളുടെ ജീവിതം ദുസ്സഹമാകും.

അരുണാചൽപ്രദേശിൽ നിർമിക്കുന്നതിനായി കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്തിട്ടുള്ള സിയാങ് അപ്പർ മൾട്ടി പർപ്പസ് പ്രോജക്ടിന് ഡാം ഉയർത്തുന്ന ഭീഷണികളെ മറികടക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഡാം നിർമാണം ആരംഭിച്ചതിനെക്കുറിച്ച് വിവരങ്ങൾ ചൈനയിൽ നിന്ന് ലഭ്യമായിട്ടില്ല. എന്തായാലും ഡാം നിർമാണം പൂർത്തിയായി കഴിഞ്ഞാൽ ബ്രഹ്മപുത്ര, സാങ്പോ നദികൾ വറ്റി വരളുമെന്ന് പേമ ഖണ്ഡു ആശങ്കപ്പെടുന്നു. വെള്ളപ്പൊക്ക സാധ്യതകളും ഉയർന്നു വരുന്നുണ്ട്. ഇതിനെക്കുറിച്ച് ആദി ഗോത്ര വർഗ ജനതയോട് ചർച്ച ചെയ്തു വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Arunachalpradesh chief minister's water bomb statement about China's new dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.