സൈനികര്‍ സമൂഹമാധ്യമങ്ങളിലൂടെ പരാതി പറഞ്ഞാല്‍ നടപടി

ന്യൂഡല്‍ഹി: സൈനികര്‍ സമൂഹമാധ്യമങ്ങളിലൂടെ പരാതി പറഞ്ഞാല്‍ നടപടിയുണ്ടാകുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ഡല്‍ഹിയില്‍ കരസേനദിനത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. പരാതി പറയാന്‍ ചട്ടപ്രകാരമായ വഴിയുണ്ട്. അതിനുപകരം മാധ്യമശ്രദ്ധ നേടാന്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചാല്‍  ശിക്ഷിക്കപ്പെടും. ഇതുവഴി പ്രചരിക്കുന്ന പരാതികള്‍ ജവാന്‍െറയും സൈന്യത്തിന്‍െറയും ആത്മവീര്യം ചോര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തിന്‍െറ മോശം അവസ്ഥയെക്കുറിച്ച് ബി.എസ്.എഫ് ജവാന്‍ തേജ്പൂര്‍ യാദവ് ഫേസ്ബുക്കില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ സൈന്യത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. അതിന് തൊട്ടുപിന്നാലെ സേനയില്‍ വിവേചനം നിലനില്‍ക്കുന്നതായി സി.ആര്‍.പി.എഫുകാരനും സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ഇതോടെ സൈനിക മേധാവി പ്രതിരോധത്തിലായിരുന്നു.

സൈന്യം സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കുമെന്നും കരസേനദിനത്തില്‍ പാകിസ്താന് പരോക്ഷ മുന്നറിയിപ്പും നല്‍കി. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ സൈന്യത്തിന് ആത്മവീര്യം നല്‍കുന്ന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കരസേനമേധാവി വ്യക്തമാക്കി. സ്തുത്യര്‍ഹ സേവനത്തിന് അര്‍ഹരായ 15 സൈനികര്‍ക്ക് ചടങ്ങില്‍ പുരസ്കാരം നല്‍കി. സിയാച്ചിനിലെ മഞ്ഞുവീഴ്ചയില്‍ മരണമടഞ്ഞ സൈനികന്‍ ഹനുമന്തപ്പക്കുള്ള പുരസ്കാരം ഭാര്യ ഏറ്റുവാങ്ങി.

Tags:    
News Summary - Army Chief General Bipin Rawat Warns Of Action Against Soldiers Using Social Media For Complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.