പാകിസ്താനിലെ ഐ.എസ്.ഐയുമായി ബന്ധമുള്ള ആയുധക്കടത്ത് സംഘം പിടിയിൽ

ന്യൂഡൽഹി: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുമായി ബന്ധമുള്ള ആയുധക്കടത്ത് സംഘം പൊലീസ് വലയിൽ. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സംഘടിത ക്രിമിനൽ സംഘങ്ങൾക്ക് അത്യാധുനിക വിദേശ നിർമിത തോക്കുകളും മറ്റ് ആയുധങ്ങളും വിതരണം ചെയ്ത സംഘത്തിലെ നാലുപേരെ അറസ്റ്റ് ചെയ്തു.

പഞ്ചാബ് സ്വദേശികളായ മൻദീപ് സിങ്, ദൽവീന്ദർ കുമാർ, ഉത്തർപ്രദേശ് സ്വദേശികളായ റോഹൻ തൊമർ, അജയ് എന്ന മോനു എന്നിവരെയാണ് ഡി.സി.പി സഞ്ജീവ് യാദവിന്‍റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

ഇവരുടെ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗത്തിന് നവംബർ 19ന് ലഭിച്ചിരുന്നു. ഡൽഹിയിലെ രോഹിണിയിലാണ് പൊലീസ് ഇവർക്ക് കെണിയൊരുക്കിയത്. സംഘാംഗങ്ങളിൽനിന്ന് തുർക്കിയ നിർമിതവും ചൈനീസ് നിർമിതവുമായ പത്ത് പിസ്റ്റളുകളും 92 തിരകളും പിടിച്ചെടുത്തു. അവിടെ വെച്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തു. അവർ നൽകിയ വിവരമനുസരിച്ചാണ് മറ്റ് രണ്ടുപേരെ പിടികൂടിയത്.

പഞ്ചാബ് സ്വദേശിയായ സോനു ഖത്രി എന്ന രാജേഷ് കുമാർ നേതൃത്വം നൽകുന്ന സംഘവുമായാണ് ഐ.എസ്.ഐക്ക് ബന്ധമുള്ളത്. ഇയാൾ ഇപ്പോൾ അമേരിക്കയിലാണ്. ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. തുർക്കിയ നിർമിത എ.എക്‌സ് - 5.7 പിസ്റ്റലുകൾ പ്രത്യേക സേനകൾ ഉപയോഗിക്കാറുള്ളതാണെന്ന് പൊലീസ് അറിയിച്ചു.

പാകിസ്താനിൽ നിന്ന് റഡാറിൽ പെടാതെ താഴ്ന്നു പറക്കുന്ന ഡ്രോണുകൾ ഉപയോഗിച്ചാണ് സംഘം ആയുധങ്ങൾ ഇന്ത്യയിലേക്ക് കടത്തിയത്. രാത്രികാലത്ത് അതിർത്തി കടത്തി മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ പാക്കേജുകൾ ഇറക്കാറാണ് പതിവ്. സ്കാനിങ്ങിൽപോലും കണ്ടെത്താതിരിക്കാൻ ആയുധങ്ങൾ കാർബൺ ആവരണമുള്ള ഷീറ്റുകളിൽ പൊതിഞ്ഞാണ് കടത്തുക. പണത്തിന്‍റെ കൈമാറ്റങ്ങൾ ഹവാലയിലൂടെയും വ്യാജ അക്കൗണ്ടുകളിലൂടെയും നടത്തും.

ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ഗുണ്ടാ സംഘങ്ങൾക്കാണ് ആയുധങ്ങൾ ഇവർ വിതരണം ചെയ്തത്. നിരീക്ഷണത്തിൽ പെടാതിരിക്കാൻ എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ രീതി ഉപയോഗിച്ച ഇവർ പാക്കേജുകൾ ഇറക്കുന്ന സ്ഥലങ്ങൾ ഇടക്കിടെ മാറ്റുകയും ചെയ്തിരുന്നു. ഈ ശൃംഖലയിൽ ഉൾപ്പെട്ട കൂടുതൽപേരെ കണ്ടെത്താൻ വിപുലമായ അന്വേഷണം നടത്തിവരുകയാണ്.

Tags:    
News Summary - Arms smuggling gang linked to Pakistan's ISI arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.