അമിത് ഷാക്ക് വേണ്ടിയും ഹാജരായിട്ടുണ്ട്; പ​ക്ഷേ... വിശദീകരണവുമായി മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത്

ന്യൂഡൽഹി: സുഹ്റബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ കേന്ദ്രമന്ത്രി അമിത് ഷാക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്ന് മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത്. എന്നാൽ പ്രധാന അഭിഭാഷകൻ താനല്ലാത്തതിനാൽ അത് അപ്രസക്തമായ കാര്യമായിരുന്നുവെന്നും ലളിത് പറഞ്ഞു.

എൻ.ഡി.ടി.വിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ലളിത്. ''അമിത് ഷാക്ക് വേണ്ടി ഹാജരായിട്ടുണ്ട് എന്നത് സത്യം തന്നെയാണ്. എന്നാൽ പ്രധാന അഭിഭാഷകൻ ജസ്റ്റിസ് റാം ജെത്മലാനിയായിരുന്നു''-ലളിത് വിശദീകരിച്ചു. മുൻ സർക്കാർ അധികാരത്തിലിരിക്കെ ഏപ്രിലിൽ അമിത് ഷാക്ക് വേണ്ടി ഹാജരാകാൻ ആദ്യമായി ആവശ്യപ്പെട്ടപ്പോൾ 2014 മേയിൽ സർക്കാർ മാറിയെന്നും ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി. ഭരണം മാറുന്നതിന് മുമ്പാണ് നടപടിക്രമങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

''ഞാൻ ഈ വിഷയത്തിൽ വിശദീകരണം നൽകിയിരുന്നു, പക്ഷേ ഒരിക്കലും ഒരു പ്രധാന അഭിഭാഷകനായിരുന്നില്ല. ഷായുടെ കൂട്ടുപ്രതികൾക്ക് വേണ്ടിയാണ് ഞാൻ ഹാജരായത്, പക്ഷേ പ്രധാന കേസിലല്ല, രണ്ടാമത്തെ കേസിലായിരുന്നു അത്.''- അദ്ദേഹം കൂട്ടിച്ചേർത്തു.

2014 ആഗസ്റ്റിൽ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് ജസ്റ്റിസ് ലളിത് നിരവധി ഉന്നതവും വിവാദപരവുമായ കേസുകളിൽ അഭിഭാഷകനായിരുന്നു. ഗുജറാത്തിലെ സുഹ്‌റബുദ്ദീൻ ശൈഖിന്റെയും തുളസി റാം പ്രജാപതിയുടെയും വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ അമിത് ഷായ്ക്ക് വേണ്ടി അദ്ദേഹം ഹാജരായി. സുഹ്‌റാബുദ്ദീൻ ശൈഖ്, ഭാര്യ കൗസർബി, സഹായി തുളസി റാം പ്രജാപതി എന്നിവരുടെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ച് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ പ്രതിക്കൂട്ടിലായ കേസിൽ അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിഭാഷകനായിരുന്നു യു.യു. ലളിത്. 

2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ പുതുതായി രൂപീകരിച്ച ബി.ജെ.പി സർക്കാർ മുൻ സോളിസിറ്റർ ജനറൽ ഗോപാൽ സുബ്രഹ്മണ്യത്തിന്റെ ശിപാർശ തിരിച്ചയച്ചതിനെത്തുടർന്ന് ജഡ്ജിയായി ജസ്റ്റിസ് ലളിതിന്റെ സ്ഥാനക്കയറ്റം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സുബ്രഹ്മണ്യത്തിന് പകരക്കാരനായാണ് ലളിതിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചത്. അദ്ദേഹത്തിന്റെ പേര് ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ പുനഃപരിശോധനയ്ക്കായി തിരിച്ചയച്ചിരുന്നു.  

Tags:    
News Summary - Appeared for Amit Shah but- ex chief justice UU Lalit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.