ഇത് ഉപദ്രവമല്ലാതെ മറ്റൊന്നുമല്ല; പ്രതികരണവുമായി അപർണസെനും ബെനഗലും

പശുക്കൊലകൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് തങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ ഉത്തരവിട്ട മുസാഫർപൂർ കോടതി വിധിയിയിൽ നിരാശ പ്രകടിപ്പിച്ച് ചലച്ചിത്ര പ്രവർത്തകരായ അപർണ സെന്നും ശ്യാം ബെനഗലും.

സുധീർ കുമാർ ഓജയെന്ന അഭിഭാഷകൻ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സൂര്യ കാന്ത് തിവാരി ഉത്തരവ് പുറപ്പെടുവിച്ചത്. ചരിത്രകാരൻ രാംചന്ദ്ര ഗുഹ, ചലച്ചിത്ര സംവിധായകൻ മണിരത്‌നം എന്നിവരടക്കം കത്തിൽ ഒപ്പിട്ട 50 ഓളം പേർക്കെതിരെയാണ് നടപടി. “രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുകയും പ്രധാനമന്ത്രിയെ മോശക്കാരനാക്കുകയും വിഘടനവാദ പ്രവണതകളെ പിന്തുണക്കുന്നുവെന്നുമാണ് ഇയാളുടെ പരാതി.

“എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല, കൃത്യമായി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാൻ എഫ്‌.ഐ‌.ആർ പരിശോധിക്കേണ്ടതുണ്ട്. ആൾകൂട്ടക്കൊല ഒരു ജനാധിപത്യ സമൂഹത്തിൽ സ്വീകാര്യമായ ഒന്നല്ല. അതിനെതിരെ കത്തയച്ചതാണ് രാജ്യദ്രോഹമായി കണക്കാക്കാൻ പോകുന്നതെങ്കിൽ, എനിക്കറിയില്ല, നിർവചനങ്ങൾ മാറി-ശ്യാം ബെനഗൽ വ്യക്തമാക്കി.

“ഇത് പരിഹാസ്യമാണ്, ഞങ്ങളെഴുതിയ കത്തിൽ രാജ്യദ്രോഹമൊന്നുമില്ല. വളരെ വിചിത്രമായ സമയങ്ങളാണിത്. പതുക്കെ നമ്മുടെ ജനാധിപത്യ ഇടങ്ങൾ ഇതുപോലെ അപഹരിക്കപ്പെടുന്നു. ഇത് ഉപദ്രവമല്ലാതെ മറ്റൊന്നുമല്ല- അപർണസെൻ പറഞ്ഞു.

ഈ വ്യക്തിക്ക് സെലിബ്രിറ്റികൾക്കെതിരെ കേസ് കൊടുക്കുന്ന ശീലമുണ്ട്. സാധാരണ ഇത് പട്ന ഹൈകോടതിയിലേക്ക് പോകുകയും അത് അവിടെ വെച്ച് തള്ളുകയും ചെയ്യും. ആരാണ് ഇത് ചെയ്യുന്നതെന്ന് എനിക്കറിയില്ല, ഇതിന് പിന്നിൽ സർക്കാർ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല- അപർണ വ്യക്തമാക്കി.

മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിങ്, സചിൻ ടെണ്ടുൽക്കർ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, കത്രീന കൈഫ്, അരവിന്ദ് കെജ്‌രിവാൾ, അണ്ണാ ഹസാരെ എന്നിവരുൾപ്പെടെയുളള പ്രശസ്തർക്കെതിരെ ഒാജ മുസാഫർപൂർ ജില്ലാ കോടതിയിൽ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ യുദ്ധ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ 28 ന് അദ്ദേഹം മുസാഫർപൂർ കോടതികളിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.


Tags:    
News Summary - Aparna Sen, Benegal React to Sedition Charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.