പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ അഭിവാദ്യം ചെയ്യുന്ന ഭാരതീയ ജനതാ പാർട്ടി എം.പി അപരാജിത സാരംഗി (നീല സാരി), ഫയൽ ചിത്രം. 

വിവാദ ബില്ലിന് ജെ.പി.സി ആയി; അപരാജിത സാരംഗി അധ്യക്ഷ

ന്യൂഡൽഹി: കുറ്റകൃത്യങ്ങളുടെ പേരിൽ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ തുടർച്ചയായ 30 ദിവസമെങ്കിലും തടവിൽ കഴിയേണ്ടി വന്നാൽ സ്ഥാനം നഷ്ടമാകുമെന്ന വ്യവസ്ഥ ഉൾപ്പെട്ട വിവാദ ബില്ല് പരിശോധിക്കാനുള്ള സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) രൂപവത്കരിച്ചു.

ബി.ജെ.പി എം.പി അപരാജിത സാരംഗിയാണ് സമിതി അധ്യക്ഷ. കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം ബഹിഷ്‍കരിച്ചതിനെ തുടർന്ന് 31 അംഗ പാനലിൽ ബി.ജെ.പിയിൽനിന്ന് 15 പേരെയും എൻ.ഡി.എ ഘടകകക്ഷികളിൽനിന്ന് 11 പേരെയും പ്രതിപക്ഷത്തുനിന്ന് 40 പേരെയും നാമനിർദേശം ചെയ്ത ഒരു അംഗത്തെയും ഉൾപ്പെടുത്തി.

ഇൻഡ്യ മുന്നണിയിൽനിന്ന് എൻ.സി.പി ശരത്പവാർ വിഭാഗം മാത്രമാണ് ജെ.പി.സിയുമായി സഹകരിക്കാൻ തയാറായത്. എൻ.സി.പി നിർദേശിച്ചത് പ്രകാരം സുപ്രിയ സുലെയെ സമിതിയിൽ അംഗമാക്കി.

ശിരോമണി അകാലിദൾ എം.പി ഹർസിമ്രത് കൗർ ബാദൽ, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി, വൈ.എസ്.ആർ.സി.പിയുടെ നിരഞ്ജൻ റെഡ്ഡി എന്നിവരാണ് പ്രതിപക്ഷ പാർട്ടികളിൽനിന്നുള്ള അംഗങ്ങൾ.

പ്രതിപക്ഷ പാർട്ടികൾ അംഗങ്ങളുടെ പേര് നിർദേശിക്കാതെ നിസഹകരിച്ചതോടെയാണ് ജെ.പി.സി രൂപവത്കരണം നീണ്ടത്. കഴിഞ്ഞ മൺസൂൺ പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച് ജെ.പി.സിക്ക് വിട്ടത്.

ലോക്സഭയിലെ 21, രാജ്യസഭയിലെ 10 വീതം അംഗങ്ങൾ ഉൾപ്പെടുന്ന സമിതി ബില്ലുകൾ പരിശോധിക്കുമെന്നും നവംബർ മൂന്നാം വാരം ആരംഭിക്കുന്ന അടുത്ത പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ആഴ്ചയുടെ അവസാന ദിവസം സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നുമായിരുന്നു വ്യവസ്ഥ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണഘടന വിരുദ്ധ അജണ്ടക്കുള്ള റബർ സ്റ്റാമ്പാണ് ജെ.പി.സിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

Tags:    
News Summary - Aparajita Sarangi to lead jPC Panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.