‘ഫാഷിസ്റ്റുകളാണ് ഭരിക്കുന്നത്’; രൂക്ഷ വിമർശനവുമായി ട്വിറ്ററിൽ തിരിച്ചെത്തി അനുരാഗ് കശ്യപ്

ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരെ അതിരൂക്ഷമായ വിമർശനമുയർത്തി സംവിധായകൻ അനുരാഗ് കശ്യപ്. ഫാഷിസ്റ്റ് സർക്കാറാണ് ഭരിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. കുടുംബാംഗങ്ങൾക്ക് നേരെയുണ്ടായ ഭീഷണിയെ തുടർന്ന് നേരത്തെ അനുരാഗ് കശ്യപ് ട്വിറ്റർ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇനിയും മിണ്ടാതിരിക്കാനാവില്ലെന്ന മുഖവുരയോടെയാണ് അദ്ദേഹം കേന്ദ്ര സർക്കാറിനെ ഫാഷിസ്റ്റുകളെന്ന് വിശേഷിപ്പിച്ചത്.

‘ഇനിയും മിണ്ടാതിരിക്കാനാവില്ല, ഫാഷിസ്റ്റുകളാണ് ഭരിക്കുന്നത്. ഈ സാഹചര്യത്തിൽ ശബ്ദമുയർത്തേണ്ടിയിരുന്ന ആളുകൾ നിശ്ശബ്ദരായിരിക്കുന്നത് എന്നെ കുപിതനാക്കുന്നു’ -അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.

സംഘ്പരിവാറിന്‍റെ വിമർശകനും അറിയപ്പെടുന്ന സിനിമ പ്രവർത്തകനുമായ അനുരാഗ് കശ്യപ് കഴിഞ്ഞ ആഗസ്റ്റിലാണ് ട്വിറ്റർ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

'എല്ലാവര്‍ക്കും സന്തോഷവും വിജയവും ആശംസിക്കുന്നു. ഇതെന്‍റെ അവസാനത്തെ ട്വീറ്റ് ആയിരിക്കും. കാരണം ഞാന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുകയാണ്. എന്‍റെ മനസിലുള്ളത് ഭയമില്ലാതെ പറയാന്‍ എനിക്ക് അനുവാദമില്ലെങ്കില്‍ പിന്നെ ഞാന്‍ മിണ്ടാതിതിരിക്കുന്നതാണ് നല്ലത്. ഗുഡ് ബൈ'. എന്നു പറഞ്ഞാണ് കശ്യപ് നേരത്തെ ട്വീറ്റ് അവസാനിപ്പിച്ചത്.

മാതാപിതാക്കൾക്കും മകൾക്കും നേരെ ഭീഷണി ഉയർന്നപ്പോഴായിരുന്നു അദ്ദേഹം ട്വിറ്റർ ഉപേക്ഷിച്ചത്.

രാജ്യത്തെ അസഹിഷ്ണുതയ്ക്കെതിരെയും ആള്‍ക്കൂട്ടആക്രമണങ്ങള്‍ക്കെതിരെയും മോദിക്ക് കത്തയച്ച 49 പേരില്‍ ഒരാളായിരുന്നു അനുരാഗ് കശ്യപ്. തുടര്‍ന്നായിരുന്നു അനുരാഗിന്‍റെ കുടുംബത്തിന് നേരെ വധഭീഷണിയടക്കം ഉയര്‍ന്നത്.

Tags:    
News Summary - Anurag Kashyap Returns to Twitter, Calls Government ‘Fascist’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.