പവൻ ഖേരക്ക് മുൻകൂർ ജാമ്യം: നീതി വിജയിച്ചു, അറസ്റ്റ് അവസാന മാർഗമായിരിക്കണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി:കോൺഗ്രസ് നേതാവ് പവൻ ഖേരക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചത് സ്വാഗതം ചെയ്ത് കോൺഗ്രസ് പാർട്ടി.'സത്യം വിജയിച്ചു, നീതി നടപ്പിലായെന്നും കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി പ്രതികരിച്ചു. അന്വേഷണ ഏജൻസികൾക്ക് അറസ്റ്റ് എന്നത് അവസാന മാർഗം മാത്രമായിരിക്കണമെന്നും അധികാരം ദുരുപയോഗം ചെയ്ത് ഖേരയെ അപമാനിക്കാനാണ് അസം മുഖ്യമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഖേരക്ക് വേണ്ടി ഹാജരായ മുതിർന്ന നേതാവ് അഭിഷേക് മനു സിംഗ്വി, ഖേരയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അപമാനിക്കാനുള്ള ശ്രമമാണെന്നും കസ്റ്റഡിയിൽ എടുക്കാതെ തന്നെ അന്വേഷണം പൂർത്തിയാക്കാമെന്നും വാദിച്ചു. അസം മുഖ്യമന്ത്രി തന്നെ ഖേരക്കെതിരെ പരസ്യ പ്രസ്താവനകൾ നടത്തിയതിനെയും അദ്ദേഹം വിമർശിച്ചു. ഭീഷണിപ്പെടുത്തുന്ന രാഷ്ട്രീയത്തിന് മുകളിൽ നീതി വിജയിക്കുമെന്ന് ജയറാം രമേശും പ്രതികരിച്ചു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭൂയാൻ ശർമ നൽകിയ ക്രിമിനൽ കേസിലാണ് ജാമ്യം. റിനികിക്ക് ഒന്നിലധികം വിദേശ പാസ്‌പോർട്ടുകളും വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കളും ഉണ്ടെന്ന് പവൻ ഖേര ആരോപിച്ചിരുന്നു. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, എ.എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ച് ഈ കേസ് രാഷ്ട്രീയ വൈരാഗ്യത്താൽ പ്രേരിതമാണെന്ന് തോന്നുന്നുവെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും നിരീക്ഷിച്ചു. അറസ്റ്റ് ചെയ്യാനുള്ള അധികാരം രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താൻ ഉപയോഗിക്കരുതെന്ന് അസം സർക്കാരിന് കോടതി മുന്നറിയിപ്പ് നൽകി.

വ്യക്തി സ്വാതന്ത്രം ഹനിക്കപ്പെടരുതെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള ആയുധമായി അറസ്റ്റിനെ ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.ഖേരയുടെ അറസ്റ്റ് തടയാൻ വിസമ്മതിച്ച ഗുവാഹത്തി ഹൈക്കോടതിയുടെ മുൻ ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോൾ പൊലീസിന് മുന്നിൽ ഹാജരാകണമെന്നും കോടതി ഖേരയോട് നിർദേശിച്ചു.

Tags:    
News Summary - Anticipatory bail for Pawan Khera: Justice has prevailed; arrest should be the last resort, says Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.