ന്യൂഡൽഹി: ദേശവിരുദ്ധ ശക്തികൾ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ ആക്രമണം അഴിച്ചുവിടുകയാണെന്ന് വി.ഡി സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത് സവർക്കറുടെ പരാമർശം. സവർക്കറുടെ ചിത്രത്തിന് നേരെ ആക്രമണം നടത്തിയത് രാഷ്ട്രീയലക്ഷ്യങ്ങൾ മുൻനിർത്തിയാണ്.
ശിവമോഗയിൽ നടന്ന ആക്രമണം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. വാക്കുകൾ കൊണ്ടുള്ള ആക്രമണം മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുന്നു. താൻ അതിനെ അപലപിക്കുകയാണെന്നും ആക്രമണത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു. സവർക്കറുടെ പ്രത്യയശാസ്ത്രം ഏറ്റവും പ്രസക്തമാവുന്നത് ഈ കാലഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സവർക്കർ പാകിസ്താനേയും ജിഹാദി സേനയേയും എതിർത്തിരുന്നു. എന്നാൽ, അദ്ദേഹം മുസ്‍ലിംകൾക്ക് എതിരായിരുന്നില്ല. മതം വീട്ടിൽ തന്നെ നിർത്താൻ നോക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ഏക ഉപദേശം. നിർബന്ധിത മതപരിവർത്തനം വേണ്ടെന്നും മറ്റുള്ളവരെ ബഹുമാനിക്കണമെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു. ഇതിലെന്താണ് തെറ്റെന്നും രഞ്ജിത് സവർക്കർ ചോദിച്ചു.
1923ലാണ് അദ്ദേഹം ഹിന്ദുത്വ എഴുതിയത്. മുസ്‍ലിം ലീഗ് വിഘടനവാദികളാണെന്നും അവർ ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ട് വെക്കുമെന്നും അദ്ദേഹം മുൻകൂട്ടി കണ്ടു. മതപരിവർത്തന പ്രസ്ഥാനങ്ങളും അന്ന് സജീവമായിരുന്നു. എല്ലാവർക്കും മതപരമായ ചടങ്ങുകൾ അനുഷ്ടിക്കാൻ അധികാരമുണ്ട്. എന്നാൽ അത് വ്യക്തിജീവിതത്തിൽ ഒതുങ്ങണമെന്നായിരുന്നു സവർക്കറുടെ നിലപാട്. സവർക്കർ ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ടുവെച്ചുവെന്ന കോൺഗ്രസ് ആരോണവും അദ്ദേഹം തള്ളി. ഹിന്ദുമഹാസഭയുടെ ഭരണഘടന ഇന്ത്യൻ ഭരണഘടനക്ക് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.